തിരുവനന്തപുരം: പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തെ ആക്ഷേപിച്ച് പി.സി. ജോര്‍ജ്.
കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ്.ഷീജയോടാണ് പി.സി ജോര്‍ജ് അപമര്യാദയായി പെരുമാറിയത്.
പീഡന കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞ പി.സി. ജോര്‍ജ്ജിനോട് പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് നിയമ വിരുദ്ധമല്ലേ എന്ന കൈരളി റിപ്പോര്‍ട്ടര്‍ ഷീജയുടെ ചോദ്യത്തിന്, ‘പിന്നെ തന്റെ പേരാണോ പറയേണ്ടത് എന്ന്’ പറഞ്ഞാണ് പി.സി. ജോര്‍ജ് അപമാനിച്ചത്. ഇതോടെ
വിരല്‍ ചൂണ്ടി, മര്യാദയ്ക്ക് സംസാരിക്കണം എന്നാണ് ഷീജ മറുപടിനല്‍കിയത്.
ഞാന്‍ ചോദിച്ചതിനുള്ള മറുപടി അല്ലെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. ഷീജയുടെ ബോള്‍ഡായ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. പി.സി ജോര്‍ജ് പീഡനക്കേസിൽ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. മാധ്യമ പ്രവര്‍ത്തകയെ പി.സി. ജോര്‍ജ് അവഹേളിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.
അതേസമയം, പീഡന പരാതിയില്‍ കേസെടത്ത് പൊലീസ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായാണ് പുതിയ പരാതി ഉയര്‍ന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായിരുന്നു പി.സി. ജോര്‍ജിനെ വിളിച്ചു വരുത്തിയത്. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണം എന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു.
തുടര്‍ന്ന് ഇന്ന് ഹാജരാകാമെന്ന് പി.സി. മറുപടി നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികള്‍.
CONTENT HIGHLIGHTS: P.C. George objected to the journalist’s question whether it is right to reveal the name of the complainant.