| Saturday, 2nd January 2021, 11:23 pm

പിണറായി സര്‍ക്കാരിന്റെ പോരായ്മ പറയാനാരുമില്ല; യു.ഡി.എഫ് സ്വാഗതം ചെയ്താല്‍ മുന്നണിയില്‍ ചേരുന്ന കാര്യം ആലോചിക്കാമെന്ന് പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: യു.ഡി.എഫ് പ്രവേശനത്തില്‍ നിലപാടറിയിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. യു.ഡി.എഫ് സ്വാഗതം ചെയ്താല്‍ മുന്നണിയുടെ ഭാഗമാകുന്ന കാര്യം ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന്റെ പോരായ്മകള്‍ പറയാന്‍ ആരുമില്ല. ജോസ് കെ. മാണി എത്തിയത് ഇടതുപക്ഷ മുന്നണിയെ ഗതികേടിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലാ സീറ്റ് തര്‍ക്കത്തില്‍ ഇടതുമുന്നണി വിടാനൊരുങ്ങുകയാണ് എന്‍.സി.പി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയെ തള്ളി എന്‍.സി.പി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു.

ഇത്തരമൊരു വാര്‍ത്ത ശരിയല്ലെന്നും മുന്നണിമാറ്റം ആലോചനയില്‍പ്പോലും ഇല്ലെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അത്തരമൊരു ചര്‍ച്ച വന്നിട്ടില്ലെന്നും ദേശീയ നേതൃത്വവുമായി ചേര്‍ന്ന് ഇങ്ങനെയൊരു നീക്കം നടത്തില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നാണ് മാണി സി. കാപ്പനും പ്രതികരിച്ചിരിക്കുന്നത്. പാലാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ക്ലെയിം ഉണ്ട്. ആ ക്ലെയിം ആവശ്യം വരുമ്പോള്‍ ഉന്നയിക്കും. അത് തരില്ല എന്ന് ഇടതുമുന്നണി പറയാത്തിടത്തോളം കാലം മുന്നണി വിടുന്ന കാര്യം ആലോചിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇങ്ങനെയൊരു നീക്കം നടക്കില്ലെന്നും നടന്നാല്‍ തന്നെ എന്‍.സി.പിയിലെ പ്രധാന നേതാക്കളൊന്നും അതിനൊപ്പം നില്‍ക്കില്ലെന്നുമാണ് ശശീന്ദ്രന്‍ പക്ഷം പ്രതികരിച്ചിരിക്കുന്നത്.

എന്‍.സി.പി ഇടതുമുന്നണി വിടാനൊരുങ്ങുന്നു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാണി സി. കാപ്പനുമായി ബന്ധപ്പെട്ട ആളുകള്‍ യു.ഡി.എഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.

പാലായില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും നിയമസഭാ സമ്മേളനത്തിന് ശേഷം മുന്നണി മാറ്റം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തന്നെ പ്രഖ്യാപിക്കുമെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മാണി സി. കാപ്പന്‍ നേരിട്ട് ശരദ് പവാറിനെ കണ്ട് ഇതില്‍ അനുമതി വാങ്ങിക്കഴിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. നിയമസഭാ സമ്മേളനം കഴിഞ്ഞതിന് ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാല്‍ മതിയെന്നാണ് എന്‍.സി.പിയുടെ നിലപാടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല് നിയമസഭാ സീറ്റുകള്‍ യു.ഡി.എഫ് എന്‍.സി.പിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇതിനിടെ പാലാ സീറ്റില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി. ജെ ജോസഫ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് വിട്ടുനല്‍കുമെന്നും എന്‍.സി.പി ആയി തന്നെ കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: P C George MLA Comments On UDF Entry

We use cookies to give you the best possible experience. Learn more