|

ഒരു സമുദായം എന്നെ വേദനിപ്പിച്ചു; ഇനിയും വേദനിപ്പിച്ചാല്‍ ഇതിന്റെ ഇരട്ടി പറയുമെന്ന് പി.സി ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: നാല്‍പത് വര്‍ഷം താന്‍ നെഞ്ചില്‍ കൊണ്ടു നടന്ന ഒരു സമുദായം തന്നെ വേദനിപ്പിച്ചുവെന്നും അതിനാല്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നുവെന്നും എം.എല്‍.എ പി.സി ജോര്‍ജ്. വേദനിപ്പിക്കുന്നത് ആ സമുദായം തുടര്‍ന്നാല്‍ ഇനിയും ഇതിന്റെ ഇരട്ടി പറയുമെന്നും ഈരാറ്റുപേട്ടയിലെ അഞ്ച് വാര്‍ഡുകളിലും ഇടക്കുന്നം പഞ്ചായത്തിലും മാത്രമാണ് ഈ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ളതെന്നും പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ ചില ഓഡിയോ സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇത്തവണയും പൂഞ്ഞാറില്‍ മത്സരിക്കുമെന്നും 35000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി.സി ജോര്‍ജ് പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ തന്നെ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ അതുകൊണ്ടാണ് വിജയിച്ചതെന്ന അവകാശവാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈരാറ്റുപേട്ടയില്‍ 17000 വോട്ടും മുണ്ടക്കയം, പാറത്തോട് മേഖലകളില്‍ 6000 വോട്ടുമടക്കം ഏതാണ്ട് 23000 വോട്ടു മാത്രമാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ എസ്.ഡി.പി.ഐയ്ക്ക് ഉള്ളത്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ പിണറായി വിജയന് തുടര്‍ഭരണം ഉറപ്പാണ്. മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും തുരങ്കം വെപ്പിനെ അതിജീവിച്ചാണ് താന്‍ 1980 മുതല്‍ പൂഞ്ഞാറില്‍ ജയിച്ചത്. ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ മത്സരിക്കുന്നതിന് താല്‍പര്യമുണ്ട്. അതേ സമയം ഏതു മുന്നണി പിന്തുണ നല്‍കിയാലും സ്വീകരിക്കുകയും ചെയ്യും,’പി.സി ജോര്‍ജ് പറഞ്ഞു.

നിയമസഭാ സമ്മേളനത്തിനിടെ ഉമ്മന്‍ ചാണ്ടി സ്വകാര്യ സംഭാഷണത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തലയും ഇതേ കാര്യം അറിയിച്ചുവെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P C George comment about muslim community