എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കും: പി.സി. ചാക്കോ
Kerala News
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കും: പി.സി. ചാക്കോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th September 2024, 1:43 pm

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കുമെന്നും പി.സി. ചാക്കോ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും പി.സി. ചാക്കോ പറഞ്ഞു. മൂന്നാം തീയതി എ.കെ. ശശീന്ദ്രന്‍, തോമസ് കെ. തോമസ് എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ശശീന്ദ്രന്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രിയാണ്. 2011 മുതല്‍ എലത്തൂരിനെ പ്രതിനിധീകരിക്കുന്ന നിയമസഭാ അംഗം കൂടിയാണ് ശശീന്ദ്രന്‍. മുമ്പ് 2018 മുതല്‍ 2021 വരെയും 2016 മുതല്‍ 2017 വരെയും കേരള ഗതാഗത മന്ത്രി പദവിയും എ.കെ. ശശീന്ദ്രന്‍ വഹിച്ചിട്ടുണ്ട്.

തോമസ് കെ. തോമസ് കുട്ടനാട് മണ്ഡലം എം.എല്‍.എയാണ്. എന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാല്‍ എം.എല്‍.എ സ്ഥാനവും രാജിവെക്കുമെന്ന് എ.കെ. ശശീന്ദ്രന്‍ അറിയിച്ചിരുന്നു. കൂടാതെ സ്ഥാനാമൊഴിയേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന ആവശ്യവും ശശീന്ദ്രന്‍ മുന്നോട്ടുവെച്ചിരുന്നു.

അന്തിമ തീരുമാനം ശരദ് പവര്‍ എടുക്കട്ടെയെന്നായിരുന്നു ഇരുവരുടെയും തീരുമാനം. അതേസമയം മന്ത്രിമാറ്റം എന്‍.സി.പിയുടെ ആഭ്യന്തര വിഷയമാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. എന്‍.സി.പിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവില്‍ എന്‍.സി.പി ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന നേതൃത്വവും തോമസ് കെ. തോമസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് നേരത്തെ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Content Highlight: P.C.Chacko says announced that A.K.Saseendran will be changed from the ministry