ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വിരല്‍മടക്കുന്നിടത്ത് യെസ് പറയുന്ന ഹൈക്കമാന്‍ഡ്; ശ്വാസംമുട്ടിച്ച് പുറത്താക്കിയ സുധീരന്‍; പി.സി ചാക്കോ എണ്ണിപ്പറഞ്ഞ 9 കാര്യങ്ങള്‍
Kerala News
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വിരല്‍മടക്കുന്നിടത്ത് യെസ് പറയുന്ന ഹൈക്കമാന്‍ഡ്; ശ്വാസംമുട്ടിച്ച് പുറത്താക്കിയ സുധീരന്‍; പി.സി ചാക്കോ എണ്ണിപ്പറഞ്ഞ 9 കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th March 2021, 3:35 pm

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കെതിരെയും ഹൈക്കമാന്‍ഡിന്റെ നിലപാടില്ലായ്മയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രാജിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാന, ദേശീയ നേതൃത്വത്തിനെതിരെ അദ്ദേഹം ഉന്നയിച്ച പ്രധാന വിമര്‍ശനങ്ങള്‍ ഇവയാണ്.

1. ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പരിശ്രമിച്ച ഒരു നേതാവാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഇല്ല. രണ്ട് തരം കോണ്‍ഗ്രസാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. ഐ കോണ്‍ഗ്രസും, എ കോണ്‍ഗ്രസും.

2. കേരളത്തിലെ മുഴുവന്‍ സീറ്റുകളും ഇപ്പോള്‍ ഐയുടെ സീറ്റുകളും എയുടെ സീറ്റുകളുമായിട്ടാണ് തിരിച്ചിരിക്കുന്നത്. കെ.പി.സി.സി യോഗം കൂടുന്നത് ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റിയായിട്ടാണ്.

3. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നാല്‍പത് പേരുള്ള ഒരു തെരഞ്ഞെടുപ്പ് കമ്മിറ്റിയെ തീരുമാനിച്ചു. ആ കമ്മിറ്റിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. രണ്ട് പ്രാവശ്യവും കമ്മിറ്റി കൂടിയപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ഞങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. പക്ഷേ ഈ പേരുകളെല്ലാം ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസില്‍ മാത്രമാണ്. ഒരൊറ്റ നിയോജക മണ്ഡലത്തില്‍ പോലും ആരുടെ പേരാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് പ്രദേശ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ചിട്ടില്ല.
എല്ലാ ഭാരവാഹികളെയും തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്. മെറിറ്റും വിജയസാധ്യതയും സാമൂഹിക സമവാക്യവും ഇവിടെ ഒരു പരിഗണനയേ അല്ല. എയുടെ സീറ്റ് എ തീരുമാനിക്കും, ഐയുടെ സീറ്റ് ഐ തീരുമാനിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം വരുമ്പോള്‍ വിരല്‍മടക്കി സീറ്റെണ്ണുകയാണ് ഗ്രൂപ്പുകള്‍.

4. വി.എം സുധീരനും ഞാനുമൊക്കെ പലപ്പോഴും ഗ്രൂപ്പ സമവാക്യങ്ങളുടെ കാര്യത്തില്‍ പരാതിപ്പെട്ടിട്ടുണ്ട്. അതൊക്കെ ഹൈക്കമാന്‍ഡിന് അറിയാവുന്നതുമാണ്. രണ്ട് ഗ്രൂപ്പുകളും തയ്യാറാക്കികൊണ്ടുവരുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അംഗീകാരം കൊടുക്കുകയാണ് ഹൈക്കമാന്‍ഡ് ചെയ്യുന്നത്. അതിനേക്കാള്‍ വലിയൊരു ജനാധിപത്യവിരുദ്ധ നടപടിയില്ല.

5. വളരെ ശക്തമായൊരു മത്സരം നടക്കേണ്ട തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം കൊടുക്കുന്നു എന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നതുകൊണ്ട് കൂടിയാണ് ഞാന്‍ രാജിവെക്കുന്നത്. അല്ലാതെ വ്യക്തിപരമായ പരാതിയുടെ അടിസ്ഥാനത്തിലല്ല രാജി.

6. ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ച ഒരു പ്രസിഡന്റാണ് വി.എം സുധീരന്‍. പക്ഷേ അദ്ദേഹത്തെ ഗ്രൂപ്പുകളെല്ലാം കൂടി ശ്വാസം മുട്ടിച്ച് പുറത്താക്കുകയാണുണ്ടായത്. ഗ്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ആര്‍ക്കും കേരളത്തിലെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഗ്രൂപ്പുകാരനായല്ല കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ഇന്നിപ്പോള്‍ കോണ്‍ഗ്രസുകാരനായിരിക്കുക എന്നത് സാധിക്കില്ല.

7. കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സജീവമല്ല. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റ രാജി വര്‍ക്കിംഗ് കമ്മിറ്റിയില്‍ ആരും അംഗീകരിച്ചിരുന്നില്ല, മാത്രവുമല്ല എല്ലാവരും രാജിവെക്കരുത് എന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും കോണ്‍ഗ്രസിന് ഒരു അധ്യക്ഷനില്ലാതെ ഒരു വര്‍ഷക്കാലത്തോളം പോയി. സോണിയഗാന്ധിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ട് കൂടിയും അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. കോണ്‍ഗ്രസ് തലയില്ലാതെയാണ് ഒന്നരവര്‍ഷക്കാലത്തോളം നിന്നത്.

8. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ പരാതിയുയര്‍ത്തിയവര്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞു ഒരു ഒപ്പിടല്‍ പ്രസ്ഥാനം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല എന്ന്. പക്ഷേ അഭിപ്രായ വ്യത്യാസം പറഞ്ഞവരാരും നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല. അവര്‍ പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കണം.

9. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുള്ള, ഉന്മൂലനം ചെയ്യാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ കഴിയാതെ പോകുന്നത് ബി.ജെ.പിയുടെ ശക്തികൊണ്ടല്ല കോണ്‍ഗ്രസിന്റെ തന്നെ ദൗര്‍ബല്യം കൊണ്ടാണ്. ഒരു നേതൃത്വമില്ലാതെ പോകുന്നു എന്നത് ശരിയായ കാര്യമല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P.C Chacko’s nine allegations against Congress state and national leadership