തൃശൂരില്‍ പുന:സംഘടനാ പ്രശ്‌നം രൂക്ഷം: പി.സി ചാക്കോയുടെ ഓഫീസ് തകര്‍ത്തു
Kerala
തൃശൂരില്‍ പുന:സംഘടനാ പ്രശ്‌നം രൂക്ഷം: പി.സി ചാക്കോയുടെ ഓഫീസ് തകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2012, 1:00 pm

 

തൃശൂര്‍: കെ.പി.സി.സി പുനസംഘടനയെ ചൊല്ലി തൃശ്ശൂര്‍ ജില്ലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ രാത്രി പി.സി ചാക്കോ എം.പിയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.[]

തൃശൂരില്‍ ഡി.സി.സി പ്രസിഡന്റായി വി. ബല്‍റാമിന്റെ പേരായിരുന്നു ഐ ഗ്രൂപ്പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം സുധാകര അനുകൂലിക്ക് നല്‍കേണ്ടിവന്നപ്പോള്‍ ഐ ഗ്രൂപ്പ് നിര്‍ദേശിച്ച ബല്‍റാമിനെ തഴഞ്ഞ് പി.സി ചാക്കോ നിര്‍ദേശിച്ച അബ്ദുറഹ്മാന്‍ കുട്ടിയെ തൃശൂര്‍ ഡി.സി.സി പ്രസിഡന്റാക്കുകയായിരുന്നു.

ജില്ലയിലെ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ഇതില്‍ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതേസമയം പുന:സംഘടനയില്‍ തീരുമാനം എടുത്തത് ഹൈക്കമാന്‍ഡ്് ആണെന്നും അതിനാല്‍ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നുമായിരുന്നു ഇതുവരെ നേതാക്കളുടെ നിലപാട്.

എന്നാല്‍ തൃശൂരില്‍ രാജി ഭീഷണിയും സമാന്തര കമ്മിറ്റിയും വരെ രൂപപ്പെട്ട സാഹചര്യത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളുമായി അടിയന്തര ചര്‍ച്ച നടത്തി സാഹചര്യം വിലയിരുത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.

പുന:സംഘടനക്ക് ശേഷം സംസ്ഥാനത്ത് ഉണ്ടായ സാഹചര്യങ്ങള്‍ സംബന്ധിച്ച് ഹൈക്കമാന്‍ന്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 29ന് ചേരുന്ന പുതിയ ഭാരവാഹികളുടെ യോഗത്തിന് മുമ്പായി തൃശൂരിലെ വിമതനേതാക്കളുമായി ചര്‍ച്ച നടത്താനാണ് കെ.പി.സി.സി നേതൃത്വം ശ്രമിക്കുന്നത്.

തൃശൂരില്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലും പുന:സംഘടനാ പട്ടികയില്‍ ഇനിയൊരു മാറ്റം നേതൃത്വം കാണുന്നില്ല. തുശൂര്‍ വിട്ടുകൊടുക്കേണ്ടി വന്നത് രമേശ് ചെന്നിത്തലയുടെ പിടിപ്പുകേടുകൊണ്ടാണെന്നായിരുന്നു ജില്ലയിലെ ഐ ഗ്രൂപ്പുകാരുടെ നിലപാട്.

എന്നാല്‍ അവസാനഘട്ടങ്ങളില്‍ ഉണ്ടായ മാറ്റങ്ങളില്‍ തന്റെ നിരപരാധിത്വം ചെന്നിത്തല ഐ ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.