അത്രയും പ്രിയപ്പെട്ടവനാണ്. നമ്മുടെയെല്ലാം പഠിപ്പിന്റെ ഭാഗമല്ല, ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു ബാലേട്ടന്‍.
ക്ലാസ് മുറിയില്‍ ബാലേട്ടന്‍ എന്നു സ്വാതന്ത്ര്യത്തോടെ വിളിക്കാവുന്ന മാഷായി, കൂട്ടുകാരനായി, നാടകക്കാരനായി, സഹയാത്രികനായി…
നമ്മുടെ ഓരോ മുന്നോട്ടു പോക്കിലും കൂടെയുണ്ടായി.
കൂട്ടായ്മകളിലും പ്രണയത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ചിരികളിലും സന്തോഷത്തോടെ ഒച്ചവച്ചുചേര്‍ന്നു നിന്നു. പ്രായ ലിംഗ ജോലി ഭേദമെന്യേ എല്ലാവരുടെയും ചുമലില്‍ കയ്യെത്തിച്ചു നടന്നു ആ കുഞ്ഞു മനുഷ്യന്‍. ക്ലാസിലിരുന്നവര്‍ മാത്രമല്ല, ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പോലും അദ്ദേഹത്തിന്റെ കൂട്ടുകാരായി, ശിഷ്യരായി, ബാലേട്ടന്‍ എന്ന് വിളിച്ചു സ്‌നേഹം പറ്റി…
വലിപ്പം ഈ ലാളിത്യമെന്ന് വാക്കിലും നോക്കിലും നടപ്പിലുമെല്ലാം കാണിച്ചു തന്നു. കല ജീവിതം തന്നെയെന്ന യാഥാര്‍ഥ്യമാണ് ബാലേട്ടന്‍. അതില്‍ എല്ലാവരെയും കൊരുത്തിട്ടു. ലെറ്റേഴ്‌സിലെ നാടകക്കളരികളില്‍ നാടകം മാത്രമല്ലല്ലോ നമ്മള്‍ പഠിച്ചും കളിച്ചും പോന്നത്. ജി.ശങ്കരപ്പിള്ളയുടെ കളരിയില്‍ തെളിഞ്ഞ ശിഷ്യന് തന്റെ ശിഷ്യക്കൂട്ടത്തെ എങ്ങനെയെല്ലാം പറത്തി വിടണമെന്നറിയാമായിരുന്നു.
സ്വജീവിതത്തിലെ സങ്കടകഥകള്‍ പോലും അസാദ്ധ്യമായ നര്‍മ്മത്തോടെ പങ്കുവയ്ക്കുമ്പോള്‍, മനുഷ്യപ്പറ്റും സഹജീവി പരിഗണനകളും പ്രതിരോധവും സമരവും ജീവിത പാഠങ്ങളാണെന്ന് ബോധ്യപ്പെടുത്തി.
പ്രശസ്ത നടന്‍ എന്ന അനുശോചനക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ ഒരു’പാവം ഉസ്മാനെ’ കൂടി ഓര്‍ത്തു പോകുന്നു. സിനിമക്കു മുന്നും പിന്നും ഒരു ബാലേട്ടനുണ്ട്. നാടക രചയിതാവ്, അധ്യാപകന്‍, അഭിനേതാവ്, നിരൂപകന്‍, സിനിമാ- നാടക സംവിധായകന്‍ തുടങ്ങിയ ഒട്ടേറെ നിലകള്‍.
മലയാള നാടകവേദിയുടെ ചരിത്രത്തില്‍ മറക്കരുതാത്ത ഒരു പേരാണ് ബാലേട്ടന്റേത്. പാവം ഉസ്മാന്‍, മായാസീതാങ്കം, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, മകുടി എന്നീ നാടകരചനകള്‍. ഏകാകി, മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങി സംവിധാനം ചെയ്ത നാടകങ്ങള്‍.
പുനരധിവാസവും കമ്മട്ടിപ്പാടവുമുള്‍പ്പെടെയുള്ള തിരക്കഥകള്‍, ഉള്ളടക്കവും പവിത്രവും അഗ്‌നിദേവനുമൊക്കെയായി ജനപ്രിയ സിനിമയുടെ കൂട്ടങ്ങള്‍ വേറെ. (ഏതു വിമര്‍ശനത്തിലും ഇരു കൈയ്യും ചെവിയും തുറന്നു വക്കും ബാലേട്ടന്‍) മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി തിരക്കഥയും സംവിധാനവും ചെയ്ത ഇവന്‍ മേഘരൂപന്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
അന്നയും റസൂലും ട്രിവാന്‍ഡ്രം ലോഡ്ജും ഒക്കെ പണ്ട് അഭിനയിക്കാനുള്ള മോഹവും ആവേശവും കൊണ്ടു നടന്ന ‘ബാലന്റെ’ മധുരപ്രതികാരമാണ്. നാടകം കൊടുത്ത ടിപ്പുകള്‍, ശരീരചലനങ്ങളിലും, മാനറിസങ്ങളിലും കണ്‍നോട്ടത്തിലും സൂക്ഷ്മതകള്‍ സൃഷ്ടിക്കുന്ന ഗംഭീര നടനെ തന്നെ സൃഷ്ടിച്ചു. ബാലേട്ടന്റെ ഏതൊരു ചെറിയ കഥാപാത്രവും പെട്ടെന്ന് ഓര്‍ത്തെടുക്കാനാവുന്നതങ്ങനെയാണ്.