കഴിഞ്ഞ ദിവസമാണ് കോവിഡ് മഹാമാരിയില്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ നിരുത്തരവാദപരമായ സമീപനത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. യു.പി യിലെ പ്രധാന നഗരങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഗവണ്‍മെന്റ് ആലോചിക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പ്രസ്തുത വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തുടര്‍ന്ന് ഗവണ്‍മെന്റിന് മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം അനുവദിക്കുകയാണ് കോടതി ചെയ്തത്.
ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജന്‍ ലഭ്യമാക്കാതെ ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചു വീഴുന്ന നാട്ടിലാണ് കോടതി രണ്ടാഴ്ച സമയം കൊടുത്തിരിക്കുന്നത്. ഗവണ്‍മെന്റിന്റെ മറുപടി ലഭിക്കുന്നതുവരെ കാത്തിരിക്കാന്‍ പോലും തയ്യാറാകാതെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
പിന്നീട് ദല്‍ഹിയിലെ ദയനീയമായ അവസ്ഥയില്‍ ഹൈകോടതി ഇടപെടുകയുണ്ടായി. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആ കേസ് വീണ്ടും പരിഗണിക്കാനിരിക്കേ, സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള ബെഞ്ച് സ്വമേധയാ കേസെടുത്തുകൊണ്ട് ഒരു ഇടപെടല്‍ നടത്തിയിരിക്കുന്നു. എല്ലാ ഹൈക്കോടതികളിലെയും കോവിഡുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി സുപ്രീം കോടതി പരിഗണിക്കുമെന്നും പ്രസ്താവിച്ചിരിക്കുന്നു.
യാതൊരു തയ്യാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ച ആദ്യത്തെ ലോക് ഡൗണ്‍ കാലത്ത്, അതിഥി തൊഴിലാളികള്‍ നിരത്തുകളില്‍ മരിച്ചുവീണു കൊണ്ടിരുന്ന ഘട്ടത്തില്‍ അതില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടില്ല എന്നയിരുന്നു അന്ന് കാരണമായി പറഞ്ഞത്. അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്യാനും ഇതേ കാരണമാണ് പറഞ്ഞത്. എന്നാല്‍ ഇതേ സുപ്രീംകോടതി തന്നെ എന്നെ അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പിന്നീട് ഒരു ഘട്ടത്തില്‍ അതില്‍ സ്വമേധയാ കേസെടുത്ത് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം.
ബി.സി.സി.ഐയുടെ യുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നുമുതല്‍ മുതല്‍ യാതൊരു അടിയന്തര പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങളില്‍ വരെ നിരവധി തവണ ഇടപെട്ടിട്ടുള്ള സുപ്രീം കോടതിയാണെന്നതോര്‍ക്കണം. ആ വൈരുദ്ധ്യങ്ങള്‍ അങ്ങനെ നില്‍ക്കട്ടെ.
ഇപ്പോഴിതാ വീണ്ടും സ്വമേധയാ ഒരു കേസ് കൂടി എടുത്തിരിക്കുന്നു. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ്‌ക്യൂറി ആയി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ നിയമിച്ചിരിക്കുന്നു. എല്ലായ്‌പ്പോഴും തന്നെ ഗവണ്‍മെന്റിന്റെ നടപടികളുടെ ഭാഗത്തുനിന്ന് ന്യായീകരിച്ചുകൊണ്ട് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഹരീഷ് സാല്‍വേ. പൗരത്വ നിയമഭേദഗതി ഉള്‍പ്പെടെയുള്ള വിഷയത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം നമുക്കറിയാവുന്നതാണ്.
രാജ്യത്തെ വിവിധ ഹൈക്കോടതികള്‍ പ്രദേശത്തുള്ള സാഹചര്യവും പരാതികളും പരിഗണിച്ച് ജനപക്ഷത്ത് നിന്നുകൊണ്ട്, ഭരണഘടനയുടെ അനുഛേദം 21 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊള്ളവേയാണ്, സുപ്രീംകോടതിയുടെ ഇടപെടല്‍. ഇതോടുകൂടി ഹൈക്കോടതികളിലെ നടപടിക്രമങ്ങള്‍ അപ്രസക്തമായിരിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന കോടതികള്‍ എന്ന നിലയില്‍ രാജ്യത്തിലെ വിവിധ ഹൈക്കോടതികള്‍ സ്വീകരിച്ച ധീരമായ നിലപാടുകളും അതിനെയെല്ലാം റദ്ദ് ചെയ്തുകൊണ്ട് പിന്നീട് സുപ്രീംകോടതി നടത്തിയ കുപ്രസിദ്ധമായ എ.ഡി.എം ജബല്‍പൂര്‍ കേസിലെ വിധിപ്രസ്താവവും ഓര്‍ത്തു പോവുകയാണ്.
രാജ്യം വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിലാണ് മനുഷ്യര്‍ ഭരണഘടനാ കോടതികളെ സമീപിക്കുന്നത്. ആരോഗ്യം എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ, അനുച്ഛേദം 21-ന്റെ ഭാഗമാണ്. ജനങ്ങള്‍ നിസ്സഹായരായി മരിച്ചുവീഴുമ്പോള്‍, ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ന്നടിയുമ്പോള്‍, അവരുടെ ജീവിതം സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണകൂടം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാതെ വരുമ്പോള്‍, അവസാന പ്രതീക്ഷയെന്നോണം ആണ് കോടതികളെ സമീപിക്കുന്നത്.
അവിടെനിന്നും അടിയന്തര ഇടപെടലുകള്‍ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. അവസാനത്തെ അത്താണിയായ പരമോന്നത നീതിപീഠത്തില്‍ എങ്കിലും ജനതയ്ക്ക് ഉള്ള വിശ്വാസം നിലനിര്‍ത്തേണ്ടത് ഒരു ജനാധിപത്യ സംവിധാനം എന്ന നിലയില്‍ ഇന്ത്യ സമാധാനപരമായി, സുസ്ഥിരമായി നിലനില്‍ക്കുവാന്‍ അനിവാര്യമാണ്.
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക