സര്‍ക്കാരിന്റെ പുനപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124(എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുക തന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത് കോടതിയുടെ പ്രാഥമികകടമയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന് പറയാതെ വയ്യ.
ഐ.പി.സി 124(എ) അഥവാ രാജ്യദ്രോഹക്കുറ്റം താല്‍ക്കാലികമായി മരവിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ഒരേസമയം സന്തോഷകരവും നിരാശാജനകവുമാണ്. രാജ്യദ്രോഹക്കുറ്റം എന്ന കൊളോണിയല്‍ കുറ്റകൃത്യം ഭരണഘടനാ വിരുദ്ധമാണെന്നും അതു റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിലവിലുള്ള വിവിധ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ഐ.പി.സി സെക്ഷന്‍ 124(എ) തങ്ങള്‍ പുനപരിശോധിക്കുമെന്നും, അതുവരെ കോടതി ഇടപെടേണ്ടതില്ല എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കേസില്‍ സ്വീകരിച്ച നിലപാട്. ഈ അഭ്യര്‍ത്ഥന അനുസരിച്ച് വാദം മാറ്റി വെ്ക്കുമോ എന്നായിരുന്നു എല്ലാവരും ആശങ്കയോടെ നോക്കിയിരുന്നത്. എന്നാല്‍ കോടതി അതിനു പൂര്‍ണമായും വഴങ്ങിയില്ല. പുനപരിശോധന ഉണ്ടാവും വരെ പ്രസ്തുത നിയമം മരവിപ്പിയ്ക്കുകയാണ് ചെയ്തത്.
ആര്‍ട്ടിക്കിള്‍ 124(എ)ക്കെതിരെയുള്ള ഹരജികള്‍ പരിഗണിച്ച ജസ്റ്റിസ് സൂര്യ കാന്ത്, ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഹിമ കോഹ്‌ലി
‘124(എ) കാലഘട്ടത്തിനു യോജിച്ചതല്ലെന്നും പുനപരിശോധിക്കമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് ഇനി മുതല്‍ രാജ്യദ്രോഹക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. രജിസ്റ്റര്‍ ചെയ്താല്‍, ഇന്നത്തെ വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചു സമാശ്വാസം തേടാവുന്നതാണ്. നിലവില്‍ ചാര്‍ജ് ചെയ്തിട്ടുള്ള കേസുകളില്‍ എല്ലാ വിചാരണ നടപടികളും നിര്‍ത്തിവെക്കേണ്ടതാണ്. മറ്റു വകുപ്പുകള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച നടപടികള്‍ തുടരാവുന്നതാണ്. അതേസമയം തന്നെ കേന്ദ്ര സര്‍ക്കാരിന് സെഡീഷന്‍ നിയമം ദുരുപയോഗം ചെയ്യതിരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാവുന്നതാണ്,’ എന്നാണ് കോടതി വിധിയില്‍ പറയുന്നത്.
ഈ വിധി കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ക്ക് എതിരായിരുന്നുവെന്ന്, കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നടത്തിയ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കാം. ‘കോടതികള്‍ സര്‍ക്കാരിനെ ബഹുമാനിക്കേണ്ടതുണ്ട്. ഞങ്ങള്‍ കോടതിയെ ബഹുമാനിക്കുന്നുണ്ട്. ഇവിടെ കൃത്യമായ വേര്‍തിരിവുകളും അതിരുകളുമുണ്ട്. ഇതിനിടയിലുള്ള ലക്ഷ്മണരേഖ മുറിച്ചു കടക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു
‘രാജ്യത്ത് നിരവധി കൊളോണിയല്‍ ശേഷിപ്പുകള്‍ ഉണ്ട്. അത്തരത്തിലുള്ള 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങള്‍ ഞങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. രാജ്യദ്രോഹത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിവിധ നിരീക്ഷണങ്ങളെപ്പറ്റി ഗവണ്‍മെന്റിന് ബോധ്യമുണ്ട്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പൗരാവകാശ പ്രശ്‌നങ്ങളും മനുഷ്യാവകാശ പ്രശ്‌നങ്ങളും പരിഗണിച്ചുകൊണ്ട്, 124(എ) പുനപരിശോധിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത്‌വര്‍ഷ് പരിപാടിയുടെ ഭാഗമായി അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയും പങ്കുവയ്ക്കുന്നുണ്ട്,’ ഇതായിരുന്നു സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
ഈ നിലപാട് പക്ഷേ കോടതി നടപടികള്‍ വൈകിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു എന്ന് ഇന്നത്തെ നിയമമന്ത്രിയുടെ രൂക്ഷമായ ഭാഷയില്‍ നിന്നും വ്യക്തമാണ്. 2021 ഡിസംബര്‍ മാസത്തില്‍ അസമില്‍ നിന്നുള്ള എം.പി. ബദറുദ്ദീന്‍ അജ്മല്‍ ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍ സെക്ഷന്‍ 124(എ) പുനപരിശോധിക്കാനുള്ള യാതൊരു പദ്ധതിയും സര്‍ക്കാരിന്റെ മുന്നിലില്ല എന്ന് ഇതേ മന്ത്രി തന്നെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നതാണ്. അതിനുശേഷമാണ് സുപ്രീം കോടതിയില്‍ ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മാത്രവുമല്ല അതിനുമുന്‍പ്, രാജ്യദ്രോഹ നിയമം ഭരണഘടനാപരമാണ് എന്ന് പ്രസ്താവിച്ച 1962-ലെ കേദാര്‍നാഥ് കേസ് പുനപരിശോധിക്കേണ്ട ആവശ്യമില്ല എന്ന നിലപാട് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചിരുന്നു. പ്രസ്തുത കേസില്‍, ഇന്ന് ഹരജിക്കാര്‍ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും പരിശോധിക്കപ്പെട്ടു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഇന്ന് കോടതി സ്വീകരിച്ച നടപടി പ്രതീക്ഷാജനകമാണ്. പുനപരിശോധനയുടെ പേര് പറഞ്ഞ് സെക്ഷന്‍ 124(എ) അനന്തമായി നിലനിര്‍ത്തിക്കൊണ്ട് പോകാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ കോടതി തകര്‍ത്തുകളഞ്ഞു.
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. 1962ന് ശേഷം ഉയര്‍ന്നുവന്ന നിയമ വൈജ്ഞാനിക പശ്ചാത്തലത്തില്‍, ഐ.പി.സി 124(എ) നിശ്ചയമായും റദ്ദ് ചെയ്യപ്പെടുമായിരുന്നു. ആധുനിക കാലഘട്ടത്തില്‍ ലോകത്ത് ഏതാണ്ടെല്ലാ ജനാധിപത്യ രാജ്യങ്ങളും രാജ്യദ്രോഹം എന്ന കുറ്റം നിയമ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. നമ്മുടെ ഭരണഘടന നിര്‍മ്മാണ സഭയില്‍ വളരെ വിശദമായ ചര്‍ച്ചയ്ക്കുശേഷം ഒഴിവാക്കപ്പെട്ട സംഗതിയാണ് രാജ്യദ്രോഹം.
ഈ വസ്തുതയുടെയും 1952-ലെ റൊമേഷ് ഥാപ്പര്‍ കേസിലെ വിധിയുടെയും എല്ലാം പശ്ചാത്തലത്തില്‍ ഐ.പി.സി 124(എ) പണ്ടേ റദ്ദ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ 1962-ല്‍ കേദാര്‍നാഥ് കേസില്‍ വളരെ പിന്തിരിപ്പനായ നിയമ വ്യാഖ്യാനങ്ങളിലൂടെ അത് നിലനിര്‍ത്തുകയാണ് പരമോന്നത നീതിപീഠം ചെയ്തത്. വാച്യാര്‍ത്ഥത്തില്‍, ആ വകുപ്പ് നിലനിര്‍ത്താന്‍ യാതൊരു മാര്‍ഗവും ഇല്ല എന്ന് കണ്ടുകൊണ്ട്, കുറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, ‘സത്യബോധത്തിന്റെ പേരാണ് രാമന്‍’ എന്നൊക്കെ പറയുന്നതുപോലെ രാജ്യദ്രോഹം എന്ന കുറ്റം മറ്റൊന്നാണ് എന്ന തരത്തില്‍ വകുപ്പിന്റെ അര്‍ഥം തന്നെ മാറ്റി എഴുതി സംരക്ഷിച്ചെടുക്കുകയായിരുന്നു സുപ്രീം കോടതി. അങ്ങനെയാണ് ഭരണഘടനാ നിര്‍മാണസഭ വേണ്ടെന്നുവച്ച രാജ്യദ്രോഹം കോടതി വഴി നമ്മുടെ നാട്ടില്‍ തിരിച്ചെത്തുന്നത്. ഈ തെറ്റ് തിരുത്തുവാനുള്ള അവസരം നമ്മുടെ സുപ്രീം കോടതി ഇപ്പോള്‍ പാഴാക്കിയിരിക്കുന്നു.
ഇനി എന്ത് തരത്തിലുള്ള പുനപരിശോധനയാണ് സര്‍ക്കാര്‍ നടത്തുവാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണാം. കാരണം കരിനിയമങ്ങളോട് പ്രത്യേക പ്രിയമുള്ള രാഷ്ട്രീയവിഭാഗമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ‘ആര്‍ട്ടിക്കിള്‍ 14’ നടത്തിയ ഗവേഷണത്തില്‍ ക്രോഡീകരിച്ച കണക്കുകള്‍ പരിശോധിച്ചാല്‍, രാജ്യദ്രോഹം എങ്ങനെയാണ് നമ്മുടെ രാജ്യത്ത് പ്രയോഗിക്കുന്നത്, ആരൊക്കെയാണ് അതിന്റെ ഇരകള്‍, ആര്‍ക്കുവേണ്ടിയാണ് ഈ നിയമം നിലനില്‍ക്കുന്നത്, എന്നെല്ലാം വ്യക്തമാകും. 2010നു ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യദ്രോഹക്കേസുകളില്‍ 65 ശതമാനവും 2016 ശേഷമുള്ളതാണ് എന്ന് കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യദ്രോഹ കേസുകളുടെ എണ്ണത്തില്‍ 190 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ നേതാക്കന്മാരെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹം ചാര്‍ത്തുന്ന സംഭവങ്ങളില്‍ 96 ശതമാനവും ഉണ്ടായത് 2014 ശേഷമാണ്. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന്റെ പേരിലാണ്, 149 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്, 144 കേസുകള്‍.
വിദ്യാര്‍ത്ഥി നേതാക്കളും പത്രപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം ഇതിന്റെ ഇരകളാണ്. ഇത്തരമൊരു ട്രാക്ക് റെക്കോര്‍ഡുള്ള ഭരണ സംവിധാനത്തിന് കീഴില്‍ എന്തുതരം പുനപരിശോധനയാണ് ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. പോട്ട മാറി യു.എ.പി.എ വന്നതുപോലെ പോലെ മറ്റൊരു തരത്തിലുള്ള കരിനിയമം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മാത്രവുമല്ല, ഇപ്പോള്‍ കോടതി ഐ.പി.സി 124 (എ) സ്റ്റേ ചെയ്തിട്ടില്ല. മേലില്‍ ഈ വകുപ്പില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സാങ്കേതികമായി നിര്‍ദ്ദേശിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ ഈ നിയമം ഇനിയും ഉപയോഗിക്കില്ല എന്ന് യാതൊരു ഉറപ്പുമില്ല. 2015ല്‍ സുപ്രീം കോടതി റദ്ദ് ചെയ്ത ഐ.ടി. നിയമത്തിലെ സെക്ഷന്‍ 66(എ) ഉപയോഗിച്ച് സമീപകാലം വരെ കേസെടുത്തിട്ടുണ്ട്. 2021 ഇത്തരം 755 സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പി.യു.സി.എല്‍. സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് ഗവണ്മെന്റുകള്‍ അത് കാര്യമായെടുത്തത്.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നോര്‍ക്കണം. ഇന്നത്തെ സുപ്രീം കോടതി വിധിയില്‍ ചാര്‍ജ് ഫ്രെയിം ചെയ്ത കേസുകളില്‍ വിചാരണ നിര്‍ത്തിവെക്കണം എന്നാണ് നിര്‍ദ്ദേശിച്ചിട്ടുളത്. ഓപ്പണ്‍ കോര്‍ട്ടില്‍ പറഞ്ഞിരുന്നതുപോലെ വിചാരണത്തടവുകാര്‍ക്ക് ഈ ഉത്തരവ് അനുസരിച്ച് ജാമ്യത്തിന് കോടതിയെ സമീപിക്കാം എന്ന വാചകം പുറത്തുവന്ന ഉത്തരവില്‍ കാണുന്നുമില്ല. ഇതൊക്കെ സംബന്ധിച്ച് ചില അവ്യക്തതകള്‍ ബാക്കിയാണ്.
എന്നാല്‍, കോടതി ഇപ്പോള്‍തന്നെ 124(എ) യുടെ ഭരണഘടനാപരത പരിശോധിക്കുവാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഈ ഒരു സാഹചര്യം ഒഴിവാക്കാമായിരുന്നു. കാരണം ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നെങ്കില്‍, അതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കപ്പെട്ടിരുന്നെങ്കില്‍, സര്‍ക്കാരിന് മറ്റു വഴികളിലൂടെ ഈ വകുപ്പ് നിലനിര്‍ത്താനുള്ള അവസരം ലഭിക്കുമായിരുന്നില്ല. കാരണം, ഭരണഘടനാ വിരുദ്ധക്കെതിരെ നിയമനിര്‍മാണം നടത്തുവാന്‍ പാര്‍ലമെന്റിന് അധികാരമില്ല.
സര്‍ക്കാരിന്റെ പുനപരിശോധന നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യട്ടെ, അതിനു സമാന്തരമായി നമ്മുടെ പരമോന്നത നീതിപീഠം 124(എ)-യുടെ ഭരണഘടനാപരത പരിശോധിച്ച് പോവുക തന്നെ വേണമായിരുന്നു. അതിനു തയ്യാറാകാതിരുന്നത് കോടതിയുടെ പ്രാഥമികകടമയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന് പറയാതെ വയ്യ. എന്നിരുന്നാലും അടുത്ത ജൂലൈ മാസം വരെയെങ്കിലും രാജ്യദ്രോഹക്കുറ്റത്തില്‍ നിന്ന് ജനതയ്ക്ക് സംരക്ഷണം ലഭിക്കുമെന്നത് ആശ്വാസകരമാണ്.
Content Highlight : P B Jijeesh points out the drawbacks in recent Supreme Court verdict regarding Article 124 A