തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയെ പിന്തുണച്ച് മൊഴി നല്‍കിയ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് നിയമനം നല്‍കി സര്‍ക്കാര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെയാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവിലക്ക് പി.ബി. അനിതയെ നിയമിക്കുന്നുവെന്നാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അനിതയ്ക്ക് നിയമനം നല്‍കാത്തത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രതിപക്ഷ സംഘടനകള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അനിതയ്ക്ക് നിയമനം നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള കോടതിയക്ഷ്യ ഹരജി തിങ്കളഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് നിയമനം.
അതേസമയം സര്‍ക്കാരിനെതിരെയുള്ള സമരം അവസാനിപ്പിക്കുന്നുവെന്നും സര്‍ക്കാരിന്റെ നിലപാടില്‍ പൂര്‍ണ തൃപ്തയല്ലെന്നും അനിത മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് സമരം നടത്തിയതെന്നും കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനിത പ്രതികരിച്ചു.
സംഭവത്തില്‍ അനിതയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടെന്നായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വെള്ളിയാഴ്ച പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രിയുടെ ആരോപണത്തിനെതിരെ അതിജീവിത തന്നെ രംഗത്തെത്തിയിരുന്നു. ആരോഗ്യ മന്ത്രി നിലപാട് മാറ്റിയത് ഉന്നതതല നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലിരിക്കെ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സഹായിച്ച അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികള്‍ ഇവര്‍ക്കെതിരെ ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് നീതി വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയില്‍ തുടര്‍ന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസര്‍, നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
അനിതയെ കൂടാതെ നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയെയും ചീഫ് നഴ്സിങ് ഓഫീസര്‍ വി.പി. സുമതിയെയും സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ മൂന്ന് പേരുടെയും സ്ഥലം മാറ്റം കോടതി സ്റ്റേ ചെയ്തിരുന്നു. പുറമെ അനിതയെ ജോലിയില്‍ തിരികെ എടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരോട് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.
Content Highlight: P.B. Anita appointed in Kozhikode Medical College