| Saturday, 5th October 2019, 8:42 am

പാവറട്ടി കസ്റ്റഡി മരണം; പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. ഗുരുവായൂര്‍ എ.സി .പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു.

രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത് എവിടെ നിന്ന്, ഇയാളുടെ കയ്യില്‍ എത്ര കിലോ കഞ്ചാവുണ്ടായിരുന്നു, രഞ്ചിത്തിന് നേരെ മര്‍ദ്ദനമുണ്ടാവാനുള്ള കാരണം തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കും.

സംഭവത്തില്‍ എട്ടു പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസ് എടുത്തത്.

സംഭവത്തില്‍ ഉള്‍പ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആരോപണ വിധേയരായവരെ സര്‍വ്വീസില്‍ നിന്നും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ജീപ്പിലുണ്ടായിരുന്ന എല്ലാവരും പ്രതികളാവില്ലെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. രഞ്ജിത്തിനെ കൊണ്ടു പോയ ജീപ്പ് പൊലീസ് ഇന്ന് കസ്റ്റഡിയില്‍ എടുക്കും.

യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രഞ്ജിത്തിന്റെ കുടുംബം പരാതിയുമായി രംഗത്തു വന്നിരുന്നു.

We use cookies to give you the best possible experience. Learn more