നടൻ മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വളരെ സ്പെഷ്യലായ പിറന്നാൾ സമ്മാനം അദ്ദേഹം മോഹൻലാലിനായി പങ്കുവെച്ചത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ കിരീടത്തിലെ സേതുമാധവൻ നടന്നകലുന്ന പാലം പ്രേക്ഷകർ മറക്കാനിടയില്ല. ‘കണ്ണീർ പൂവിന്റെ’ എന്ന പാട്ട് സീനിൽ നെൽപ്പാടങ്ങൾക്ക് നടുവിലെ ചെമ്മൺ പാതയിലൂടെ മോഹൻലാൽ നടക്കുമ്പോൾ പ്രേക്ഷകർ വിങ്ങലോടെയാണ് അത് കണ്ടത്. ഈ പാലം ഇനി കിരീടം പാലം എന്നറിയപ്പെടുമെന്നും, ഇത് വിനോദ സഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങുകഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.
കീരിടത്തിലെ ഈ പാലം മലയാള സിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്നും മന്ത്രി തന്റെ പോസ്റ്റിൽ കുറിച്ചു.
‘ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം. ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും.
നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ്ട അടയാളപ്പെടുത്തുന്നത്.
കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്,’മന്ത്രിയുടെ പോസ്റ്റിന്റെ പൂർണ രൂപം.
Content Highlight: P.A Muhammed Riyas’s Facebook Post About Mohanlal’s Birth day