ഇത് കേരളമാണ്; മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്: മുഹമ്മദ് റിയാസ്
Kerala News
ഇത് കേരളമാണ്; മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്: മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th June 2022, 10:13 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും സര്‍ക്കാരിന് ഇതൊരു പുതിയ കാര്യമല്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

2021ലെ വോട്ടെണ്ണിയപ്പോള്‍ എന്താണ് പറ്റിയ പാളിച്ചയെന്ന് യു.ഡി.എഫ് നെഞ്ചത്ത് കൈവെച്ച് പരിശോധിച്ചിരുന്നെങ്കില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ആരോപണങ്ങളില്‍ ഇങ്ങനെയൊരു സമീപനം അവര്‍ എടുക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിന്റെ തകര്‍ച്ച സംബന്ധിച്ച വിഷയത്തിലും മന്ത്രി പ്രതികരിച്ചു.

പാലത്തിന്റെ തകര്‍ച്ച സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തത തേടുകയാണ് ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് തരം പിഴവാണെങ്കിലും പരിഹരിക്കപ്പെടണം. ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുള്‍പ്പടെ പരിശോധിക്കപ്പെടും. ഊരാളുങ്കലിന്റെ വാദം അതേപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂളിമാട് പാലത്തിന്റെ ബീം ചരിഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കേണ്ടതില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ മെയ് 16 നായിരുന്നു കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പടെ എനന്‍ജീനിയേഴ്‌സ് അസോസിയേഷന്റെ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

അതേസമയം സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: P.A. Muhammad Riyaz Responding to the allegations leveled against the Chief Minister by Swapna Suresh, the accused in the gold smuggling case