| Tuesday, 5th November 2024, 4:39 pm

വിഴിഞ്ഞത്തിന് വാഗ്ദാനം ചെയ്ത ഗ്രാന്റ് വായ്പയാക്കി മാറ്റി കേന്ദ്ര സര്‍ക്കാര്‍: പി.എ. മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി വാഗ്ദാനം ചെയ്ത ഗ്രാന്റ് കേന്ദ്ര സര്‍ക്കാര്‍ വായ്പയാക്കി മാറ്റിയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ വികസനത്തിനായി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കുമെന്ന് പറഞ്ഞ കേന്ദ്രം ഇപ്പോള്‍ അത് വായ്പയാക്കി മാറ്റിയെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാന്റ് എന്ന വാഗ്ദാനം ലംഘിച്ച് പലിശ സഹിതം ഫണ്ട് തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തുടനീളമുള്ള മലയാളികളുടെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. ഒരുപാട് പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം കൂടിയാണ് വിഴിഞ്ഞം പദ്ധതിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിന് ഈ പദ്ധതി മാറ്റുകൂട്ടുന്നതുമാണ്. എന്നാല്‍ കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ ആയതുകൊണ്ട് രാഷ്ട്രീയ വിയോജിപ്പുകള്‍ കേന്ദ്രം ഇങ്ങനയെന്നോ തീര്‍ക്കേണ്ടതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

എന്തുകൊണ്ടാണ് കേരളത്തിനോട് മാത്രം ഇത്തരത്തിലുള്ള സമീപനം. മറ്റു സംസ്ഥാനങ്ങളിലെ ചില തുറമുഖങ്ങള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയിട്ടാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് പലിശയടക്കം തിരിച്ചടക്കേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കറിന്റെ ഈ നിലപാട് കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും ജനങ്ങളുടെ സ്വപ്നത്തിനും എതിരാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ഒന്നിക്കണമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

Content Highlight: P.A.Muhammad Riyaz has criticized the central government for the development of Vizhinjam port

Latest Stories

We use cookies to give you the best possible experience. Learn more