| Wednesday, 18th September 2024, 3:09 pm

കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ ബി.ജെ.പി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു: മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുകയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്.

കേരളത്തിലെ ചില മാധ്യമസ്ഥാപനങ്ങളില്‍ ബി.ജെ.പി ഏജന്റുമാരായ മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരാണ് ഇടത് സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നുമാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് മന്ത്രിയുടെ പ്രതികരണം.

‘ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ആര്‍ക്ക് വേണ്ടിയാണ് എന്ന കാര്യം കഴിഞ്ഞ ദിവസത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനത്തോടെ വ്യക്തമായിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ സഹായം കിട്ടാന്‍ വൈകുന്നത് കേരളത്തിലെ ചില ബി.ജെ.പി നേതാക്കളുടെ കുത്തിതിരിപ്പിന്റെ ഭാഗമായിട്ടാണ് എന്ന കാര്യം കേരളത്തിലെ ജനങ്ങളാകെ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തിലാണ് ചൂരല്‍മല ദുരന്തം സംബന്ധിച്ച് തെറ്റായ വാര്‍ത്ത വന്നത്. ഇതോടെ ബി.ജെ.പിക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന പലരും കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം വ്യക്തമാവുകയാണ്.

കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം വരുമോ എന്ന ഭയത്താല്‍ ബി.ജെ.പി ഏജന്റുമാരായ മാധ്യമ പ്രവര്‍ത്തകര്‍ സൃഷ്ടിച്ച വാര്‍ത്തയാണിത്. ദുരന്തം ബാധിച്ച് കഴിയുന്ന മനുഷ്യര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ തടയാനുള്ള നീക്കമാണിത്.

ദുരന്ത ബാധിതര്‍ക്കുനേരെയുള്ള ആക്രമണത്തിന് തുല്ല്യമാണ് ഇത്തരം അസത്യ വാര്‍ത്തകള്‍. ഇടതുപക്ഷ സര്‍ക്കാരിനോടുള്ള അന്ധമായ വിരോധം കാരണം ചൂരല്‍മലയിലെ ദുരന്തത്തിന് ഇരയായവരെ കൂടി നശിപ്പിച്ച് കൊണ്ട് വാര്‍ത്തയാക്കി മാറ്റാം എന്ന മാനസികാവസ്ഥയിലേക്ക് ചില മാധ്യമ പ്രവര്‍ത്തകര്‍ മാറിയിരിക്കുകയാണ്,’മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും സമാനമായി മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുകയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ നല്‍കിയ കള്ളപ്രചാര വേലകള്‍ പ്രതിഷേധാര്‍ഹമാണെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറ്റിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

ദുരന്തം നടന്ന് 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ മറച്ചുവെച്ചാണ് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: P.A . Muhammad Riyas slams media on Wayanad landslide estimate expenditure controversy

We use cookies to give you the best possible experience. Learn more