ഹൈവേ പണിയുമായി ബന്ധപ്പെട്ട അപാകത ചൂണ്ടിക്കാട്ടി അരുണ്‍ പുനലൂരിന്റെ പോസ്റ്റ്; മൂന്നാം മണിക്കൂറില്‍ പ്രശ്‌നം പരിഹരിച്ചു എന്ന് ഫോട്ടോ സഹിതം റിയാസിന്റെ കമന്റ്
Kerala News
ഹൈവേ പണിയുമായി ബന്ധപ്പെട്ട അപാകത ചൂണ്ടിക്കാട്ടി അരുണ്‍ പുനലൂരിന്റെ പോസ്റ്റ്; മൂന്നാം മണിക്കൂറില്‍ പ്രശ്‌നം പരിഹരിച്ചു എന്ന് ഫോട്ടോ സഹിതം റിയാസിന്റെ കമന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th June 2022, 10:19 pm

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ പുനലൂര്‍ പിറവന്തൂറില്‍ റോഡു പണിയിലെ അപാകത ശ്രദ്ധയില്‍പ്പെടുത്തി നടനും എഴുത്തുകാരനുമായ അരുണ്‍ പുനലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി നല്‍കി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞുള്ള അരുണിന്റെ പോസ്റ്റിനാണ് റിയാസിന്റെ മറുപടിയെത്തിയത്.

‘കൊല്ലം ജില്ലയില്‍ പുനലൂര്‍ പിറവന്തൂര്‍ മോഡല്‍ യു.പി സ്‌കൂളിന് മുന്നിലെ ഹൈവേ പണിയുമായി ബന്ധപ്പെട്ടുപുതുതായി നിര്‍മിച്ച നടപ്പാതയിലെ പല സ്ളാബുകളും ഇളകി കിടക്കുകയാണ്. എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 300 കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വഴിയിലാണ് ദിവസങ്ങളായി ഈ അവസ്ഥ തുടരുന്നത്.

സ്‌കൂള്‍ തുറക്കുന്നതിനു മുമ്പും ശേഷവും റോഡ് വര്‍ക്കിന്റെ ചുമതലക്കാരോട് ഈ വിഷയം പല തവണ സ്‌കൂള്‍ അധൃകൃതര്‍ പറഞ്ഞിട്ടും ഇതിനൊരു പരിഹാരം ഉണ്ടാക്കാന്‍ അവര്‍ നടപടി സ്വീകരിച്ചിട്ടില്ല.

ഏതെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അപകടം സംഭവിച്ച ശേഷം ഇതുപോലൊരു പോസ്റ്റ് ഇടേണ്ട അവസ്ഥ ഉണ്ടാവാതിരിക്കാന്‍ സ്ലാബുകള്‍ നേരെയാക്കി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് അരുണ്‍ എഴുതിയത്.

പിന്നാലെ ഇതിന് മറുപടിയായി ‘ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്,’ എന്ന് തന്റെ ഓഫീഷ്യല്‍ അക്കൗണ്ട് വഴി മന്ത്രി കമന്റ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം റോഡ് നേരെയാക്കിയ ചിത്രം റിയാസ് പങ്കുവെക്കുകയും ചെയ്തു. ശേഷം മന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് അരുണ്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചു.

‘പോസ്റ്റ് ഇട്ടു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ ബഹുമാനപ്പെട്ട പൊതുമരാമത്ത് മിനിസ്റ്റര്‍
അതു പരിഹരിക്കാം എന്നു വാക്ക് തരുന്നു.

മൂന്നാം മണിക്കൂറില്‍ ആ പ്രശ്‌നം പരിഹരിച്ചു എന്നുള്ളത് ഫോട്ടോ സഹിതം അദ്ദേഹം വീണ്ടും കമന്റ് ഇടുന്നു. പി.എ. മുഹമ്മദ് റിയാസ് മന്ത്രി നെരുപ്പ് ഡാ.

ഓ അവനിപ്പോ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടുഅങ്ങ് ഒലത്തും എന്ന് ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇരുന്നു അന്തിച്ചര്‍ച്ച നയിച്ച പഴയ സുഹൃത്തുക്കളെ കണ്ണ് തുറന്നുകണ്ടോളിം,’ എന്നായിരുന്നു അരുണ്‍ പുനലൂരിന്റെ മറുപടി.

CONTENT HIGHLIGHTS:  P.A. Muhammad Riyas replays Actor and writer Arun Punalur’s Facebook post on road construction