കോഴിക്കോട്: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി യൂസഫ് തരിഗാമി വിജയിച്ചതിന് പിന്നാലെ കുല്‍ഗാമിലെ ബി.ജെ.പി-ജമാഅത്തെ ഇസ്‌ലാമി കൂട്ടുക്കെട്ടിനെ ‘ഒക്കച്ചങ്ങായി’ എന്ന് വിശേഷിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച തരിഗാമിക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് കേരളത്തില്‍ മാത്രമല്ല അങ്ങ് കശ്മീരിലെ കുല്‍ഗാമിലും ‘ഒക്കച്ചങ്ങായി’ ഉണ്ടെന്ന് റിയാസ് പരിഹസിച്ചിരിക്കുന്നത്.
ഇടത് സ്ഥാനാര്‍ത്ഥിയായ തരിഗാമി ജമാഅത്തെ ഇസ്‌ലാമിയുടയും ബി.ജെ.പിയുടേയും അവിശുദ്ധ കൂട്ടുകെട്ടിനെയാണ് പരാജയപ്പെടുത്തിയതെന്ന് പറഞ്ഞ മുഹമ്മദ് റിയാസ് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളുടെ മുഖ്യശത്രുവും പൊതു ശത്രുവും ഇടതുപക്ഷവും സി.പി.ഐ.എമ്മുമാണെന്നും കുറിപ്പില്‍ പറയുന്നു.
ഇടതുപക്ഷത്തിനെതിരെയാണ് ബി.ജെ.പി ജമാഅത്തെ ഇസ്‌ലാമിയെ രംഗത്ത് ഇറക്കിയതെന്നും ആരോപിച്ച റിയാസ് എന്നാല്‍ ഈ കൂട്ടുക്കെട്ടിനെ തിരിച്ചറിഞ്ഞ കശ്മീരിലെ ജനത അവരെ തോല്‍പ്പിച്ചെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള മതവര്‍ഗീയ ശക്തികള്‍ ഇടതുപക്ഷം തകരണമെന്ന് ആഗ്രഹിക്കുന്നതായും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുല്‍ഗാമിലേതെന്നും മന്ത്രി പറഞ്ഞു.
2018ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ‘ഒക്കച്ചങ്ങായി’ എന്ന് വാക്ക് ഉപയോഗിച്ചതോടെയാണ് അവിശുദ്ധ കൂട്ടുകെട്ടിനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമായി ഒക്കച്ചങ്ങായി കേരള രാഷ്ട്രീയത്തില്‍ ഉപയോഗിക്കപ്പെടുന്നത്. തലശ്ശേരി, പാനൂര്‍ മേഖലകളില്‍ കല്ല്യാണദിവസം ചെറുക്കന്റെ എല്ലാകാര്യങ്ങളിലും സദാസമയവും കൂടെ നില്‍ക്കുന്ന വ്യക്തിയെയാണ് ഇത്തരത്തില്‍ ഒക്കച്ചങ്ങായി എന്ന് വിശേഷിപ്പിക്കുന്നത്. ചെറുക്കന് ഷര്‍ട്ടും പൗഡറും ഇട്ട് കൊടുക്കുന്നത് തൊട്ട് കല്ല്യാണം കഴിയുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഈ കൂട്ടുകാരന്‍ ആയിരിക്കും.
2020ല്‍ വ്യാജ ഒപ്പു വിവാദത്തില്‍ ബി.ജെ.പി ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവകരമാണെന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി അതിനെ പിന്തുണച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ബി.ജെ.പിയുടെ ഒക്കച്ചങ്ങായി ആണെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.
7873 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജമ്മു കശ്മീരിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ യൂസഫ് തരിഗാമി വിജയിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അഹമ്മദ് റഷിയെയാണ് തരിഗാമി പരാജയപ്പെടുത്തിയത്. പി.ഡി.പി സ്ഥാനാര്‍ത്ഥി മുഹമ്മദ് അമീന്‍ ദര്‍ ആണ് മൂന്നാമതെത്തിയത്. അഞ്ചാം തവണയാണ് തരിഗാമി കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് വെന്നിക്കൊടി പാറിക്കുന്നത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് ഭാഗമായിട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് തരിഗാമി മത്സരിച്ചത്.
ബി.ജെ.പി ഒത്താശയോടെയാണ് കുല്‍ഗാമില്‍ ജമാഅത്തെ ഇസ്ലാമി മത്സരിക്കുന്നതെന്ന് യൂസഫ് തരിഗാമിയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാനുള്ള നിഴല്‍ സഖ്യത്തിന്റെ രൂപീകരണമാണ് കശ്മീരില്‍ കണ്ടതെന്നും അതിനായി ബി.ജെ.പി ജമാഅത്തെ ഇസ്‌ലാമിയെയും എന്‍ജിനിയര്‍ റഷീദിന്റെ അവാമി ഇത്തെഹാദിനെയും കൂട്ടുപിടിച്ചിരിച്ചിരിക്കുകയാണെന്നും തരിഗാമി പറഞ്ഞു.
അതിനായി മറ്റ് സ്ഥലങ്ങളില്‍ പ്രാധാന്യം നല്‍കാതെ കുല്‍ഗാമിലെ രണ്ട് മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ച ജമാഅത്തെ ഇസ്‌ലാമിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയത് കേന്ദ്ര സര്‍ക്കാരായിരുന്നുവെന്നും തരിഗാമി പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടു തവണ കുല്‍ഗാം മണ്ഡലത്തില്‍നിന്ന് ജമാഅത്ത് ഇസ്‌ലാമി വിജയിച്ചിരുന്നു. എന്നാല്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാനായി സയാര്‍ റെഷിയെ ബി.ജെ.പിയാണ് മത്സരരംഗത്തേക്ക് ഇറക്കിയതെന്ന ആരോപണം നിലനില്‍ക്കുന്നതായി തെരഞ്ഞെടുപ്പിന് മുമ്പേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1990ന് ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകള്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പിലൂടെയാണ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. 2019ലെ പുല്‍വാമായിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് യു.എ.പി.എ പ്രകാരം നിരോധിച്ച ജമ്മു കശ്മിര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരവധി നേതാക്കള്‍ നിലവില്‍ ജയിലിലാണ്.
Content Highlight: P.A. Muhammad Riyas mocks BJP-jamaat e islami tie in Kashmir