ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍; ഉടമകളുടെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേട്: റിയാസ്
Kerala News
ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍; ഉടമകളുടെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേട്: റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2023, 2:36 pm

കണ്ണൂര്‍: ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാധ്യമപ്രവര്‍ത്തകരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാധ്യമ ഉടമകളുടെ താത്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവര്‍ത്തകരെന്നും അദ്ദേഹം കണ്ണൂരില്‍ സ്വാതന്ത്ര്യദിന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ടി. വീണ സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു റിയാസ്.

‘ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമപ്രവര്‍ത്തകരുടെ മനസാക്ഷി അനുസരിച്ചുള്ള വാര്‍ത്തകള്‍ നല്‍കാന്‍ സാധിക്കുന്നില്ല. മനസാക്ഷിക്ക് വിരുദ്ധമായി ചിലത് പറയേണ്ടി വരുന്നു. മാധ്യമ ഉടമകളുടെ താല്‍പര്യം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവര്‍ത്തകര്‍. അത് ഒരു യാഥാര്‍ത്ഥ്യമാണ്.

2016 മുതല്‍ 2021 വരെയുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ എങ്ങനെയാണ് ഉടമകളുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങള്‍ വേട്ടയാടിയതെന്നും നമ്മള്‍ കണ്ടതാണ്. 2016 മുതല്‍ 2021 വരെയുള്ള അന്തിച്ചര്‍ച്ചകള്‍ കേട്ട്, അത് വിശ്വസിച്ച് മലയാളികള്‍ പോളിങ് ബൂത്തില്‍ പോയിരുന്നെങ്കില്‍ എല്‍.ഡി.എഫിന് 140 മണ്ഡലങ്ങളില്‍ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും കെട്ടിവച്ച പണം ലഭിക്കില്ലായിരുന്നു.

2021 ലെ തെരഞ്ഞെടുപ്പ് ഫലം, രാഷ്ട്രീയ താല്‍പര്യം കാത്തുസംരക്ഷിക്കുന്ന ചില മാധ്യമ ഉടമകള്‍ക്കേറ്റ കനത്ത പ്രഹരം തന്നെയാണ്. അന്തിച്ചര്‍ച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന പ്രഖ്യാപനം കൂടിയാണ് 2021 ലെ തെരഞ്ഞെടുപ്പ് ഫലം,’ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന വിവാദത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന പ്രൊമോ കാര്‍ഡില്‍ തന്റെ ഫോട്ടോയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് അവയെന്നും ഫോട്ടോഗ്രാഫര്‍മാരെ അയക്കുകയാണെങ്കില്‍ പേടിച്ച മുഖമുള്ള ചിത്രം നല്‍കാമെന്നും അദ്ദേഹം പരിഹിസിച്ചു.

വിഷയത്തില്‍ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയറ്റ് വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചും റിയാസ് സംസാരിച്ചു. ആദ്യമായി കേട്ടത് പോലെയാണ് മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചതെന്നും ഇന്ന് ജനിച്ച കുട്ടിയെ പോലെയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസംഗമെന്നും റിയാസ് പറഞ്ഞു.

content highlights: p.a muhammad riyas about media