| Thursday, 19th September 2024, 9:56 pm

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'; ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയാണെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫെഡറല്‍ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാര്‍ അജഡണ്ടയാണ്‌ ഇതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പാര്‍ലിമെന്ററി സമ്പ്രദായത്തെ അവസാനിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും പി.എ. മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെ മാനിക്കാതെയുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ബഹുസ്വരതയുടെ ജനവിധികളെ അട്ടിമറിക്കാനുള്ള സൂത്രവിദ്യയാണ് കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്. സംസ്ഥാന സര്‍ക്കാരുകളെ വരുതിയിലാക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവന്‍ സംരക്ഷിക്കുന്നതിനായി ഒറ്റ കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. നേരത്തെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കിയാല്‍ അത് പാര്‍ലമെന്ററി ജനാധിപത്യ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്നാണ് പി.ബി പ്രതികരിച്ചത്.

ഒരു നേതാവിന് കീഴിലുള്ള കേന്ദ്രീകൃത-ഏകീകൃത രാഷ്ട്രം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പിയുടെ ആശയമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബില്‍ നടപ്പിലാക്കാനുള്ള ഭരണഘടനാ ഭേദഗതിയെ സി.പി.ഐ.എം ശക്തമായി എതിര്‍ക്കുമെന്നും പി.ബി അറിയിച്ചിരുന്നു.

ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ചത്. പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാറിന് സര്‍വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ഈ നീക്കത്തിന് പിന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2024 ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് ശേഷവും പാഠം പഠിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തെയും അട്ടിമറിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Content Highlight: P.A.Muhammad Riaz said that ‘one country, one election’ is the death knell of Indian democracy

We use cookies to give you the best possible experience. Learn more