| Wednesday, 13th April 2022, 2:17 pm

നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നു, വിവാഹം വ്യക്തിപരമായ കാര്യമാണ്,അതിനെതിരെ ആരു വന്നാലും ചെറുക്കും: മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൗ ജിഹാദ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്രവിവാഹം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ലൗ ജിഹാദിനെക്കുറിച്ച് പാര്‍ട്ടിക്ക് ഒരു നിലപാടേയുള്ളൂ. വിവാഹം വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആരു വന്നാലും അതിനെ ചെറുക്കുമെന്നും മുഹമ്മദ് റിയാസ് കൊല്ലത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയുള്ള നുണബോംബാണ് ലൗജിഹാദ് എന്ന ആരോപണം എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നുണ്ട്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ പരാമര്‍ശം കോഴിക്കോട്ടെ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ അസ്വഭാവികതയില്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. വിഷയം വ്യക്തിപരമാണ്. പാര്‍ട്ടിയെ ബാധിക്കുന്നതല്ല. എന്നാല്‍ അവര്‍ ഒളിച്ചോടിയെന്ന് പത്രങ്ങള്‍ പറയുന്നു. അത് വേണ്ടിയിരുന്നില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. യുവതിയുടെ നിലപാട് കോടതിയും അംഗീകരിച്ചു. അതോടെ ആ അധ്യായം അടഞ്ഞുവെഞ്ഞും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

ജോര്‍ജ് എം. തോമസിന്റെ പ്രസ്താവനയെ തള്ളി ഡി.വൈ.എഫ്.ഐ രംഗത്തുവന്നിരുന്നു. ലവ് ജിഹാദ് ഒരു നിര്‍മിത കള്ളമാണെന്നും സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തങ്ങളുടേതെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

‘ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡി.വൈ.എഫ്.ഐയുടെ പ്രഖ്യാപിത നിലപാട്.

മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ്‌സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐ. മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടിത്തന്ന അനേകം നേതാക്കള്‍ ഡി.വൈ.എഫ്.ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. ‘ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗമെന്നും ലവ് ജിഹാദ് കേരളത്തില്‍ ഇല്ല എന്നുള്ള കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണക്കുകള്‍ നിരത്തി നിയമസഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: Minister  P.A Mohammed Riyas On love jihad contraversy

We use cookies to give you the best possible experience. Learn more