ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തില്‍ നായകനായി തിരിച്ചെത്തിയ സിനിമയായിരുന്നു അബ്രഹാം ഓസ്‌ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത സിനിമ ഒരു മെഡിക്കല്‍ ത്രില്ലറാണ്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. എങ്കിലും ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ചിത്രത്തില്‍ മമ്മൂട്ടിയും അതിഥിവേഷത്തില്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയില്‍ റിലീസായിരുന്നു. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാര്യയെയും മകളെയും കൊന്ന സൈക്കോ കില്ലറിന് എല്ലാ മാസവും ബിരിയാണി വാങ്ങിക്കൊടുക്കുന്ന ജയറാമിന്റെ കഥാപാത്രവും, എല്ലാ സീനിലും പൂമാനമേ എന്ന എന്ന പാട്ട് മാത്രം പാടുന്ന സൈജു കുറുപ്പിന്റെ കഥാപാത്രവും ട്രോളന്മാരുടെ ഇരകളാണ്.
ഭ്രമയുഗത്തിലും ഓസ്‌ലറിലും നായകന്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന അര്‍ജുന്‍ അശോകന്റെ കഥാപാത്രത്തിന്റെ ക്രോസ് ഓവറും ട്രോളന്മാര്‍ ഉണ്ടാക്കിവിടുന്നുണ്ട്. പണ്ടുമുതല്‍ കണ്ടുവരുന്ന ത്രില്ലര്‍ സിനിമകളുടെ എല്ലാ ചേരുവകളും ചേര്‍ത്തിറങ്ങിയ ഓസ്‌ലറിലെ മിസ്‌റ്റേക്കുകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഹോളിവുഡ് ചിത്രം ഡാര്‍ക്ക് നൈറ്റില്‍ ജോക്കറിന് ബാറ്റ്മാന്‍ ബിരിയാണി കൊടുത്ത് സത്യം പറയിപ്പിക്കുന്ന മീമും ഇതില്‍ പ്രധാനമാണ്. അതുപോലെ സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ജയറാമിന്റെ ഹാലുസിനേഷനെ പിന്നീട് സിനിമയില്‍ പരാമര്‍ശിക്കാത്തതിനെയും ട്രോളുന്നുണ്ട്. ഇത്തരം ക്ലീഷേ രംഗങ്ങള്‍ സിനിമകളില്‍ ഉള്‍പ്പെടുത്തുന്ന ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഇത്തരം ട്രോളുകള്‍.
Content Highlight: Ozler trolls going viral in social media