ലണ്ടന്‍: ലണ്ടനില്‍ വെച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായി കൂടിക്കാഴ്ച നടത്തിയതിന് മെസ്യൂട്ട് ഓസിലിനും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇല്‍കയ് ഗുണ്ടോഗനും എവര്‍ട്ടണ്‍ താരം സെങ്ക് ടോസണുമെതിരെ ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. എര്‍ദോഗാന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ മൂന്നു താരങ്ങളും ഒന്നിച്ചു നില്‍ക്കുന്നതിന്റെയും ജെഴ്‌സി കൈമാറുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
ജൂണ്‍ 24ന് തുര്‍ക്കിയില്‍ പ്രസിഡന്റ്, പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ എര്‍ദോഗാന് വേണ്ടി പ്രചരണം നടത്തുകയാണ് താരങ്ങള്‍ ചെയ്തതെന്ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് റെയ്ന്‍ഹാര്‍ഡ് ഗ്രെന്‍ഡല്‍ ആരോപിച്ചു.
തുര്‍ക്കിഷ് വംശജരായ മൂന്നു താരങ്ങളും ജര്‍മ്മനിയുടെ ദേശീയതാരങ്ങളാണ്. ഓസിലിനെയും ഗുണ്ടോഗനെയും ലോകകപ്പിനായുള്ള 27അംഗ ടീമില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു.
ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്. ജര്‍മ്മനിയിലെ ഇസ്‌ലാമോഫോബിയയുടെ ഭാഗമായുള്ള “എര്‍ദോഗാനോഫോബിയ”യാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമെന്ന് എര്‍ദോഗാന്റെ ഉപദേശകനായ യാസിന്‍ അക്തായ് ആരോപിച്ചു.