തമിഴ്‌നാട്ടില്‍ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കൊവിഡ് രോഗികള്‍ മരിച്ചു
national news
തമിഴ്‌നാട്ടില്‍ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കൊവിഡ് രോഗികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th May 2021, 11:20 am

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കൊവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്.

രോഗികള്‍ക്ക് രണ്ടുമണിക്കൂറോളം ഓക്‌സിജന്‍ കിട്ടാത്ത സാഹചര്യം ഉണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു.

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി പേര്‍ മരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമം മൂലം ദല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു.

അതേസമയം, ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ മരിച്ചുപോകുന്നത് ക്രിമിനല്‍ ആക്ടാണെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് സിദ്ധാര്‍ത്ഥ വര്‍മ്മയും ജസ്റ്റിസ് അജിത് കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഓക്‌സിജന്‍ ക്ഷാമത്തില്‍ പരാമര്‍ശം നടത്തിയത്.

ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം കൊവിഡ് രോഗികള്‍ മരിച്ച് വീഴുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് വേദനിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

നമ്മുടെ ശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിരിക്കുന്ന അവസ്ഥയില്‍ എങ്ങനെയാണ് നമ്മുടെ മനുഷ്യരെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

എന്നാല്‍ യു.പിയില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറയുന്നത്.

കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. ഓക്സിജന്‍ കിട്ടാതെ പല രോഗികള്‍ക്കും യു.പിയിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നില്ല.

നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Oxygen Crisis, Covid patients died in Tamilnadu