| Thursday, 23rd December 2021, 4:41 pm

തുണി കൊണ്ടുള്ള മാസ്‌കുകള്‍ ആരോഗ്യത്തിന് ഭീഷണിയായേക്കാം; ഒമിക്രോണ്‍ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഓക്‌സ്ഫര്‍ഡ് പ്രൊഫസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വിവിധ ലോകരാജ്യങ്ങളില്‍ ഒമിക്രോണ്‍ ക്രമാതീതമായി പടരുന്ന സാഹചര്യത്തില്‍, തുണി കൊണ്ടുള്ള മാസ്‌കുകള്‍ ഉയര്‍ത്തിയേക്കാവുന്ന ആരോഗ്യഭീഷണിക്കെതിരെ മുന്നറിയിപ്പ് നല്‍കി ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍.

”തുണി കൊണ്ട് നിര്‍മിച്ച മാസ്‌കുകള്‍ ഒന്നുകില്‍ നല്ലതായിരിക്കാം അല്ലെങ്കില്‍ വളരെ മോശമായിരിക്കാം.

അത് അവ നിര്‍മിക്കാനുപയോഗിക്കുന്ന ഫാബ്രിക്കിന് അനുസരിച്ചിരിക്കും,” ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സര്‍വീസസ് വിഭാഗം പ്രൊഫസറായ ട്രിഷ് ഗ്രീന്‍ഹല്‍ഗ് പറഞ്ഞു.

പല മെറ്റീരിയലുകള്‍ മിക്‌സ് ചെയ്ത് നിര്‍മിക്കുന്ന, രണ്ടോ മൂന്നോ ലെയറുകളുള്ള മാസ്‌കുകള്‍ കൂടുതല്‍ ഫലപ്രാപ്തി നല്‍കിയേക്കാമെന്നും എന്നാല്‍ മിക്കവാറും തുണി കൊണ്ടുള്ള മാസ്‌കുകള്‍ വെറും ഫാഷന്‍ ആക്‌സസറീസ് മാത്രമാണെന്നും അദ്ദേഹം പറയുന്നു.

”തുണി കൊണ്ടുള്ള മാസ്‌കുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം എന്നത്, അവ ഒരു ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കേണ്ടതില്ല എന്നതാണ്.

അതേസമയം N95 മാസ്‌കുകള്‍ മിനിമം 95 ശതമാനം അണുക്കളെയും ഫില്‍റ്റര്‍ ചെയ്ത് കളയുമെന്നത് അവര്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്,” ഗ്രീന്‍ഹല്‍ഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒമിക്രോണ്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും പടരുകയാണ്. ജര്‍മനിയും പോര്‍ച്ചുഗലുമടക്കമുള്ള രാജ്യങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

യാത്രാ ആവശ്യാര്‍ത്ഥമുള്ള കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒമ്പത് മാസം മാത്രമായി ചുരുക്കിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. 2022 ഫെബ്രുവരി ഒന്ന് മുതല്‍ നിബന്ധന നിലവില്‍ വരും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Oxford Professor against masks made up of cloth

Latest Stories

We use cookies to give you the best possible experience. Learn more