| Saturday, 22nd April 2023, 9:51 pm

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പുരസ്‌കാരം മലാല യൂസഫ്‌സായ്ക്ക്; ബഹുമതി ലഭിക്കുന്ന ആദ്യ പാകിസ്ഥാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ലിനാക്രെ കോളേജ് പുരസ്‌കാരം മലാല യൂസഫ്‌സായ്ക്ക്. ഇതോടെ ഈ ബഹുമതി ലഭിക്കുന്ന ആദ്യ പാകിസ്ഥാനി മലാലയാണെന്നും ഓക്‌സ്‌ഫോര്‍ഡ് പാകിസ്ഥാന്‍ ഫോറം (ഒ.പി.പി) അറിയിച്ചു.

ചടങ്ങില്‍ വെച്ച് പ്രവര്‍ത്തകര്‍ തന്നെയാണ് മലാലക്ക് പുരസ്‌കാരം നല്‍കിയത്. ലിനാക്രെ കോളേജിലെ സുഹൃത്തുക്കളെ സന്ദര്‍ശിച്ച മലാല ഓക്‌സ്‌ഫോര്‍ഡ് പാകിസ്ഥാന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു.

ഒ.പി.പിയുടെ പങ്കാളിത്തം പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ മാറ്റുന്നുവെന്നാണ് മലാല പറഞ്ഞത്.

സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണക്കുന്നതിനുള്ള ആസാധാരണമായ പ്രവര്‍ത്തനത്തിന് ആഗോളതലത്തില്‍ മലാല അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ .നിക് മലാലയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് വേദിയില്‍ വെച്ച് സംസാരിച്ചത്.

തന്റെ മകള്‍ക്ക് ഈ അംഗീകാരം ലഭിച്ചത് വലിയ കാര്യമാണെന്ന് മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായിയും പറഞ്ഞു. ‘ഈ ബഹുമതി ലഭിച്ചപ്പോള്‍ മലാലയുടെ മുഖത്തെ സന്തോഷം എനിക്ക് കാണാമായിരുന്നു.

അഭിമാനിയായ ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മലാല തന്റെ ജോലി കൂടുതല്‍ വിപുലീകരിക്കുകയും മറ്റുള്ളവരുമായി സഹകരിക്കാനും ഈ അവസരം ഉപയോഗിക്കുമെന്ന് എനിക്കറിയാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോബല്‍ സമ്മാന ജേതാവ് സര്‍ പോള്‍ നഴ്‌സിനും ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റിന്റെ നാഷണല്‍ അസംബ്ലിയുടെ സ്പീക്കറായ ഡോ. ഫ്രെനെ ഗില്‍വാലക്കുമാണ് ഇതിന് മുമ്പ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ലിനാക്രെ കോളേജ് പുരസ്‌കാരം ലഭിച്ചത്.

CONTENT HIGHLIGHT: Oxford awards honourary fellowship to MALALA YOUSAFZAI

We use cookies to give you the best possible experience. Learn more