ലണ്ടന്‍: ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ആദ്യ വിധി ബ്രിട്ടന്‍ സര്‍ക്കാര്‍ മാനിക്കണമെന്ന് അന്താരാഷ്ട്ര ചാരിറ്റി സംഘടനായ ഓക്‌സ്ഫാം. യു.കെ സര്‍ക്കാര്‍ കോടതി വിധിയെ അംഗീകരിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തിലെ ഈ പ്രതിസന്ധിയിലുള്ള ഭരണകൂടത്തിന്റെ പങ്കാളിത്തം അവസാനിപ്പിക്കണമെന്നും ഓക്‌സ്ഫാം പറഞ്ഞു.
ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇസ്രഈലിനുള്ള ആയുധ വില്‍പന ഉടനടി നിര്‍ത്തണമെന്നും അതിനുള്ള നടപടികള്‍ അതിവേഗത്തില്‍ യു.കെ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ഓക്‌സ്ഫാം ചൂണ്ടിക്കാട്ടി.
ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടണമെന്നും അതില്‍ കുറവുള്ളതെന്തും അന്താരാഷ്ട്ര നിയമത്തിനു മുന്നിലും രാഷ്ട്രങ്ങള്‍ക്ക് മുന്നിലുമുള്ള യു.കെയുടെ ഭരണഘടനാപരമായ സംസ്‌കാരത്തിന് കളങ്കമുണ്ടാക്കുമെന്നും ഓക്‌സ്ഫാം വ്യക്തമാക്കി.
വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്തുകൊണ്ട് ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ തിരിച്ചറിയുന്നതിനും രക്തച്ചൊരിച്ചില്‍ തടയുന്നതിനുമുള്ള നിര്‍ണായക ചുവടുവെപ്പ് എന്ന് ഓക്‌സ്ഫാം കോടതിയുടെ ഇടപെടലിനെ വിശേഷിപ്പിച്ചു.
അതേസമയം അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനെ എതിര്‍ത്തത് ഇസ്രഈലിയായ ജഡ്ജി മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ പൗരനായ ജഡ്ജി ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ നിരീക്ഷണങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും പിന്തുണ നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രഈല്‍ വംശഹത്യ നടത്തിയെന്നതിന് തെളിവുകള്‍ ഉണ്ടെന്നും അവയുടെ വസ്തുത പഠിച്ച് വരുകയാണെന്നും വിധിയില്‍ കോടതി വ്യക്തമാക്കി. എന്നാല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാത്ത കോടതിയുടെ ആദ്യ വിധിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും വംശഹത്യയുടെ തെളിവുകള്‍ നശിപ്പിക്കുന്ന ഭരണകൂടത്തിന്റെയും മറ്റുള്ളവരുടെയും നീക്കം തടയപ്പെടണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Oxfam wants the UK government to accept the verdict of International Court of Justice