| Saturday, 30th March 2024, 8:50 pm

സ്വന്തമായി വീടോ ഭൂമിയോ ഇല്ല, ആകെ ഉള്ളത് 20,000 പുസ്തകങ്ങള്‍; പത്രിക സമര്‍പ്പിച്ച് തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: സ്വന്തമായി വീടും ഭൂമിയും ഒരു തരി സ്വര്‍ണവുമില്ലെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് പത്രികയിലാണ് വെളിപ്പെടുത്തല്‍.

വീടോ ഭൂമിയോ സ്വന്തമായി ഇല്ലെന്നും ആകെയുള്ള സ്വത്ത് ഇരുപതിനായിരത്തോളം പുസ്തകങ്ങളാണെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പുസ്തകങ്ങള്‍ക്ക് 9.60 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് അനിയന്റെ ഉടമസ്ഥതയിലുള്ള തിരുവന്തപുരത്തെ വീട്ടിലാണെന്നും അവിടെയാണ് താന്‍ താമസിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

തിരുവനന്തപുരത്ത് ട്രഷറി സേവിങ്‌സ് ബാങ്കില്‍ ആറായിരം രൂപയും, പെന്‍ഷനേഴ്‌സ് ട്രഷറി അക്കൗണ്ടില്‍ 68,000 രൂപയും, തിരുവനന്തപുരം സിറ്റിയിലെ എസ്.ബി.ഐ അക്കൗണ്ടില്‍ 39,000 രൂപയും, കെ.എസ്.എഫ്.ഇയുടെ സ്റ്റാച്യു ബ്രാഞ്ചില്‍ സുഗമ അക്കൗണ്ടില്‍ 36,000 രൂപയും ഇതേ ബ്രാഞ്ചില്‍ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയുമാണ് തോമസ് ഐസക്കിന്റെ നിക്ഷേപം.

കെ.എസ്.എഫ്.ഇയുടെ ഇതേ ബ്രാഞ്ചില്‍ ചിട്ടിയുടെ തവണയായി 77,000 രൂപയോളം ഇതു വരെ അടച്ചിട്ടുണ്ട്. കൈവശമുള്ളത് 10,000 രൂപയാണ്. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയും തോമസ് ഐസക്കിന് ഉണ്ട്.

ശനിയാഴ്ച രാവിലെ 11 മണിയോടെ വരണാധികാരിയായ ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന് മുമ്പാകെയാണ് തോമസ് ഐസക്ക് പത്രിക സമര്‍പ്പിച്ചത്. മന്ത്രി വീണാ ജോര്‍ജ്, പാര്‍ലമെന്റ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ മാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

നാലു തവണ എം.എല്‍.എയും രണ്ടു തവണ ധനമന്ത്രിയുമായിരുന്നു ഡോ. തോമസ് ഐസക്ക് ഇപ്പോള്‍ സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗമാണ്.

Content Highlight: owns only 20,000 books; Thomas Isaac

Latest Stories

We use cookies to give you the best possible experience. Learn more