| Tuesday, 22nd March 2022, 7:10 pm

തന്ത്രങ്ങള്‍ മെനയാന്‍ ഇനി ആ ബുദ്ധികേന്ദ്രമില്ല; സ്ഥാനമൊഴിഞ്ഞ് ഐ.എസ്.എല്ലിലെ സൂപ്പര്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിന്റെ ലീഗ് ഷീല്‍ഡ് ജേതാക്കള്‍ ജംഷഡ്പൂര്‍ എഫ്.സിയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ് ഓവന്‍ കോയല്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍ ജംഷഡ്പൂരിനെ നിയന്ത്രിച്ച മാസ്റ്റര്‍ ബ്രെയിനാണ് ഇപ്പോള്‍ പടിയിറങ്ങുന്നത്.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് താന്‍ പരിശീലക സ്ഥാനമൊഴിഞ്ഞതെന്നാണ് കോയല്‍ പറയുന്നത്.

‘പ്രിയപ്പെട്ടവരേ, ജംഷഡ്പൂരിനൊപ്പം രണ്ട് മനോഹര വര്‍ഷങ്ങള്‍ ചെലവഴിക്കാനായി. ജംഷഡ്പൂര്‍ ടീമംഗങ്ങളുമായുള്ള സൗഹൃദം ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിക്കും.

ടീമിനൊപ്പമുള്ള നിമിഷങ്ങള്‍ എന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാണ്. കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ പരിശീലകസ്ഥാനം ഉപേക്ഷിക്കുന്നത്.’

‘വീണ്ടും ഫുട്‌ബോള്‍ രംഗത്തേക്ക് തിരിച്ചുവരികയാണെങ്കില്‍ തീര്‍ച്ചയായും ജംഷഡ്പൂര്‍ തന്നെയായിരിക്കും എന്റെ ഏറ്റവും പ്രിയപ്പെട്ട ടീം. ഇതെന്റെ സ്വന്തം വീടുപോലെയാണ്. എന്നെ പരിഗണിച്ച എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി. നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കും. ജം കേ ഖേലോ,’ കോയല്‍ കുറിച്ചു.

ജംഷഡ്പൂരിനെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണ്‍ തന്നെയായിരുന്നു ഈ വര്‍ഷത്തേത്. സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനോട് തോറ്റ് പുറത്താവാനായിരുന്നു വിധിയെങ്കിലും മികച്ച പല ഫുട്‌ബോള്‍ നിമിഷങ്ങളും പങ്കുവെച്ചാണ് കോയല്‍ പടിയിറങ്ങുന്നത്.

ചരിത്രത്തിലാദ്യമായി ജംഷഡ്പൂരിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചതും ലീഗ് ഷീല്‍ഡ് ജേതാക്കളാക്കിയതും കോയല്‍ എന്ന മാന്ത്രികന്റെ അസാമാന്യ തന്ത്രങ്ങള്‍ കാരണം തന്നെയാണ്.

പ്ലേ ഓഫിന്റെ ആദ്യ പാദത്തിന് ശേഷം ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിച്ചപ്പോള്‍ മഞ്ഞപ്പടയുടെ ഭാഗത്ത് നിന്നും അല്‍പം നീരസമുണ്ടായതൊഴിച്ചാല്‍, ഐ.എസ്.എല്ലിലെ ഏറ്റവും മികച്ചതും ഫാന്‍ ഫേവറിറ്റുമായ പരിശീലകരില്‍ ഒരാള്‍ തന്നെയായിരുന്നു കോയല്‍.

Content Highlight: Owen Coyale announces his departure from Jamshedpur FC

We use cookies to give you the best possible experience. Learn more