| Monday, 6th August 2018, 10:40 am

കഴുത്തറുത്താലും മുസ്‌ലിമായി തുടരും; യുവാവിന്റെ താടി വടിപ്പിച്ചവരെക്കൊണ്ട് ഇസ്‌ലാം മതം സ്വീകരിപ്പിക്കും: അസദുദ്ദീന്‍ ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം യുവാവിന്റെ താടി നിര്‍ബന്ധിച്ചു വടിപ്പിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരെ ആഞ്ഞടിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ ചെയര്‍മാന്‍ അസദുദ്ദീന്‍ ഒവൈസി. ഹരിയാനയിലെ മുസ്‌ലിം മതവിശ്വാസിയായ യുവാവിന് നേരിടേണ്ടിവന്ന അപമാനത്തേയും അതിക്രമത്തേയും ശക്തമായി അപലപിക്കുകയായിരുന്നു ഒവൈസി.

“ഇതു ചെയ്തവര്‍ ആരായാലും, അവരോടും അവരുടെ പിതാക്കന്മാരോടുമായി പറയുകയാണ്, നിങ്ങള്‍ ഞങ്ങളുടെ കഴുത്തറുത്താലും ഞങ്ങള്‍ മുസ്‌ലിങ്ങളായിത്തന്നെ തുടരും. നിങ്ങളെയെല്ലാം ഇസ്‌ലാമിലേക്കു മതം മാറ്റി നിങ്ങളേയും താടി വളര്‍ത്തുന്ന അവസ്ഥയിലെത്തിക്കും.” ഒവൈസി മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഹരിയാനയിലെ ഗുര്‍ഗാവില്‍ മൂന്നുപേര്‍ ചേര്‍ന്ന് മുസ്‌ലിം മതവിശ്വാസിയെ സലൂണിലേക്ക് പിടിച്ചുവലിച്ചു കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം താടി വടിപ്പിച്ചത്. കുറ്റാരോപിതരായ മൂന്നു പേരെയും സെക്ടര്‍ 27ല്‍ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Also Read: ബി.ജെ.പിയുടെ ഛത്തീസ്ഗഢില്‍ രക്ഷയില്ലാതെ പശുക്കള്‍; ഗോശാലയില്‍ അടച്ചിട്ടമുറിയില്‍ ശ്വാസം മുട്ടി മരിച്ചത് 18 പശുക്കള്‍

ഏക്‌ലാശ്, ഗൗരവ്, നിതിന്‍ എന്നിവരാണ് അതിക്രമത്തിനു പിന്നിലെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജഫ്രുദ്ദീന്‍ എന്നയാളാണ് അക്രമത്തിനിരയായത്.

“ജഫ്രുദ്ദീന്‍ ഇത്തരം മതപരമായ അധിക്ഷേപങ്ങള്‍ ആദ്യം അവഗണിച്ചിരുന്നു. പക്ഷേ, ഈ മൂന്നു ചെറുപ്പക്കാരും അക്രമം തുടരുകയായിരുന്നു. തുടര്‍ന്നാണ് സലൂണിലേക്ക് കൂട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് ക്ഷൗരം ചെയ്യിപ്പിച്ചത്.” ഗുര്‍ഗാവ് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

നടന്ന സംഭവങ്ങളെക്കുറിച്ച് ആരോടെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കുമെന്ന് പ്രതികള്‍ ജഫ്രുദ്ദീനെ ഭീഷണിപ്പെടുത്തിയിരുന്നു. അക്രമണത്തിനു പിറകില്‍ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രതികള്‍ പറഞ്ഞതായി പൊലീസ് അറിയിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഡി.സി.പി സുമിത് കുഹാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

We use cookies to give you the best possible experience. Learn more