| Sunday, 1st March 2020, 3:33 pm

'2002ലെ ഗുജറാത്ത് കലാപത്തില്‍ നിന്ന് മോദി പാഠം ഉള്‍ക്കൊള്ളുമെന്ന് കരുതി, പക്ഷേ 2020ലും അതാവര്‍ത്തിച്ചു'; ദല്‍ഹിയില്‍ നടന്നത് കൂട്ടക്കൊലയെന്ന് അസദുദ്ദിന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്: വടക്ക്- കിഴക്കന്‍ ദല്‍ഹിയില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവൈസി. ദല്‍ഹിയില്‍ നടന്ന സംഭവത്തില്‍ മോദി പ്രതികരിക്കണമെന്നും കലാപത്തിനിരയായവരെ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

” എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാനുള്ളത് ഇതാണ്, അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കടുത്തു നിന്ന് കുറച്ചുമാത്രം ദൂരമുള്ള ദല്‍ഹിയില്‍ നടന്ന കലാപത്തെക്കുറിച്ച് എന്തുകൊണ്ടാണ് അദ്ദേഹം ഒരുവാക്കുപോലും ഉരിയാടാത്തത് ? 40 ല്‍ അധികം പേര്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായത്.

പ്രധാനമന്ത്രി ഇതെക്കുറിച്ച് സംസാരിക്കണം. സംഭവസ്ഥലത്തെത്തി കലാപത്തിന് ഇരയായവരെ സന്ദര്‍ശിക്കണം, കലാപത്തില്‍ മരിച്ചവരൊക്കെ ഇന്ത്യക്കാരാണ്,” അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ കലാപത്തിന് കാരണം മോദിയുടെ പാര്‍ട്ടിക്കാരനാണെന്നും കൂട്ടക്കൊലയാണ് ദല്‍ഹിയില്‍ സംഭവിച്ചതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” ഞാന്‍ കരുതിയത് 2002ല്‍ ഗുജറാത്തില്‍ സംഭവിച്ചതില്‍ നിന്ന് പ്രധാനമന്ത്രി പാഠം ഉള്‍ക്കൊണ്ടു കാണും എന്നാണ്. പക്ഷേ 2020 ലും കൂട്ടക്കൊല സംഭവിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി കലാപത്തെക്കുറിച്ച് പ്രതികരണം നടത്താത്തതിനെതിരെ മാധ്യമപ്രവര്‍ത്തക റാണ അയൂബും പ്രധാനമന്ത്രിക്കെതിരെ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കലാപത്തിന് ഇരയായവരെ കാണാന്‍ മനസ്സുകാണിക്കാത്ത പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എങ്ങനെയാണ് ഉറങ്ങാന്‍ പറ്റുന്നത് എന്നാണ് റാണ ചോദിച്ചത്.

വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു ദിവസം നീണ്ടു നിന്ന കലാപത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും പള്ളിക്ക് തീയിടുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more