| Saturday, 11th March 2023, 12:51 pm

മുസ്‌ലിങ്ങളെ ബഹിഷ്‌ക്കരിക്കാന്‍ ഒരു സ്ഥലത്ത് ആഹ്വാനം തുടരുമ്പോള്‍ അധികാരത്തിന് വേണ്ടി മോദി കെ.സി.ആറിന്റെ പിന്നാലെ നടക്കുകയാണ്: അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബി.ജെ.പി എം.പിമാര്‍ മുസ്‌ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി അധികാരത്തിന് വേണ്ടി കെ.സി.ആറിന്റേയും കുടുംബത്തിന്റേയും പിറകെ നടക്കുകയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. തെലങ്കാന മുഖ്യമന്ത്രി കെ.സി ചന്ദ്രശേഖര റാവുവിന്റെ മകളെ ദല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ പരാമര്‍ശം.

2022 ഒക്ടോബറില്‍ ദല്‍ഹിയില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ യോഗത്തില്‍ മുസ്‌ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഉവൈസിയുടെ പ്രതികരണം.

രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുമ്പോഴും അധികാരത്തിന് വേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

‘രാജ്യത്ത് മുസ്‌ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യുകയാണ്. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഹിന്ദുക്കളോട്് ആവശ്യപ്പെടുകയാണ്. പക്ഷേ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഭരണകക്ഷിയും തെലങ്കാനയുടെ സമഗ്ര വികസനത്തില്‍ തന്റെ നേതൃത്വത്തിനായി മുഖ്യമന്ത്രിയേയും കുടുംബത്തേയും ലക്ഷ്യം വെക്കുന്ന തിരക്കിലാണ്,’ ഉവൈസി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ദല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കെ.സി.ആറിന്റെ മകള്‍ കെ. കവിത ഇന്ന് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്നായിരുന്നു ഇ.ഡിയുടെ നിര്‍ദേശം. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന കവിതയുടെ ആവശ്യം അംഗീകരിച്ച അധികൃതര്‍ ചോദ്യം ചെയ്യല്‍ ശനിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം വെള്ളിയാഴ്ച ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവേ തനിക്ക് സിസോദിയയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ലെന്നും കവിത പറഞ്ഞിരുന്നു. തന്റെ പേര് അനാവശ്യമായി വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Owaisi slams PM Modi says he is behind KCR’s family for power

We use cookies to give you the best possible experience. Learn more