national news
ഉവൈസിയുടെ അജണ്ടയില്‍ ഉത്തര്‍പ്രദേശിലെ മുസ്‌ലിം സമുദായം വീണില്ല; യോഗിക്ക് പകരക്കാരനാവാനുള്ള ഉവൈസിയുടെ ശ്രമം പാളി: രാഷ്ട്രീയ നിരീക്ഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 11, 03:06 am
Friday, 11th March 2022, 8:36 am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ തന്ത്രം പാളിയതായി രാഷ്ട്രീയ നിരീക്ഷകനും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായിരുന്ന അജയ് ഗുഡാവര്‍തി.

മുസ്‌ലിങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് ഇത്തവണ വോട്ട് ചെയ്തതെന്നും, ബി.ജെ.പിയെ എതിര്‍ക്കാന്‍ ഉവൈസിക്കാവില്ല എന്ന് യു.പിയിലെ മുസ്‌ലിം വിഭാഗം ചിന്തിച്ചതായും അജയ് പറയുന്നു.

‘ഉത്തര്‍പ്രദേശില്‍ മുസ്‌ലിങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് വോട്ട് ചെയ്തത്. അവരുടെ ഏക ലക്ഷ്യം ബി.ജെ.പിയെ എതിര്‍ക്കാന്‍ സാധിക്കുന്ന ഒരു നേതാവിനെയും പാര്‍ട്ടിയെയും അധികാരത്തിലെത്തിക്കുക എന്നതായിരുന്നു. എന്നാല്‍ അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഉവൈസിക്കായില്ല,’ അജയ് പറയുന്നു.

ഉവൈസിയുടെ പ്രസംഗങ്ങളും വാക്കുകളും വോട്ടായി മാറിയില്ലെന്നും ഒരു സുപ്രധാന ശക്തിയാവാന്‍ ഉവൈസിക്ക് കഴിഞ്ഞില്ലെന്നും അജയ് നിരീക്ഷിക്കുന്നു.

‘ഉവൈസിയുടെ പ്രസംഗങ്ങള്‍ക്ക് കിട്ടിയ കൈയടികളൊന്നും തന്നെ വോട്ടായി മാറിയില്ല. അദ്ദേഹം ലക്ഷ്യം വെച്ചത് അഭ്യസ്ഥവിദ്യരായ മിഡില്‍ ക്ലാസ് മുസ്‌ലിം യുവാക്കളുടെ വോട്ടാണ്. പരമ്പരാഗത മുസ്‌ലിം വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്നതില്‍ ഉവൈസി പരാജയപ്പെട്ടു.

യു.പിയിലെ പരമ്പരാഗത മുസ്‌ലിം വോട്ടര്‍മാര്‍ എസ്.പിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ ഉറച്ചു നിന്നു. ഒരു ശക്തനായ മുസ്‌ലിം നേതാവ് എന്ന രീതിയില്‍ അവര്‍ക്ക് ഉവൈസിയെ കാണാന്‍ സാധിച്ചില്ല,’ അജയ് വിലയിരുത്തുന്നു.

അതേസമയം, സമാജ്‌വാദി പാര്‍ട്ടിക്ക് ലഭിക്കേണ്ടിയിരുന്ന മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനായി മാത്രമാണ് ഉവൈസി ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതെന്നും, ഉവൈസിയും യോഗിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ബി. ടീമാണ് എ.ഐ.എം.ഐ.എം എന്ന തരത്തിലുള്ള ആരോപണങ്ങളെ തള്ളി ഉവൈസിയും രംഗത്ത് വന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ ആകെയുണ്ടായിരുന്ന 403 സീറ്റില്‍, 91 സീറ്റിലാണ് ഉവൈസിയുടെ എ.ഐ.എം.ഐ.എം മത്സരിച്ചത്. 2017ല്‍ 38 സീറ്റില്‍ മത്സരിച്ച ഉവൈസിയുടെ പാര്‍ട്ടി രണ്ട് ലക്ഷത്തോളം വോട്ടായിരുന്നു അന്ന് നേടിയിരുന്നത്.

ഇത്തവണ ബാബു സിംഗ് കുശ്വാഹയുടെ ജന്‍ അധികാര്‍ പാര്‍ട്ടി, ഭാരത് മുക്തി മോര്‍ച്ച എന്നിവര്‍ക്കൊപ്പം സഖ്യം ചേര്‍ന്നാണ് ഉവൈസിയും എ.ഐ.എം.ഐ.എമ്മും മത്സരിച്ചത്. ഏകദേശം 3.4 ലക്ഷം വോട്ടുകള്‍ ഇവര്‍ നേടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനോ സീറ്റ് നേടാനോ ഉവൈസിക്കും കൂട്ടര്‍ക്കും സാധിച്ചില്ലെങ്കിലും, വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാന്‍ സാധിച്ചു എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Content Highlight: Owaisi’s attempt to replace Yogi failed: Political analyst