| Sunday, 3rd December 2023, 11:45 pm

തെലങ്കാനയില്‍ മത്സരിച്ച ഒമ്പത് സീറ്റുകളില്‍ ഏഴും പിടിച്ചെടുത്ത് ഒവൈസിയുടെ എ.ഐ.എം.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒമ്പത് മണ്ഡലങ്ങളില്‍ ഏഴ് മണ്ഡലങ്ങളിലും വിജയിച്ച് ഒവൈസിയുടെ എ.ഐ.എം.ഐ.എം. സംസ്ഥാനത്ത് എ.ഐ.എം.ഐ.എം വിജയിച്ച അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് നീക്കപ്പെട്ടു. കൂടാതെ എ.ഐ.എം.ഐ.എം വിജയിച്ച സീറ്റുകളില്‍ രണ്ട് വീതം സീറ്റുകളില്‍ ബി.ആര്‍.എസും, ബി.ജെ.പിയും രണ്ടാം സ്ഥാനത്ത് നിലയുറച്ചിട്ടുണ്ട്.

ഈ മണ്ഡലങ്ങളില്‍ നിന്ന് മതേതര വോട്ടുകള്‍ നേടുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എ.ഐ.എം.ഐ.എമ്മിനോട് പരാജയപ്പെട്ടത് ഒരു രാഷ്ട്രീയമായ വെല്ലുവിളിയാണ്.

മലക്പേട്ട്, നാമ്പള്ളി എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും യാകുത്പുറ മണ്ഡലത്തില്‍ മജ്‌ലിസ് ബച്ചാവോ തഹ് രീഖ് പാര്‍ട്ടിയുമാണ് തെലങ്കാനയില്‍ ഒവൈസിയുടെ പാര്‍ട്ടിക്കെതിരെ ആറ് സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.

ബഹദൂര്‍പുര മണ്ഡലത്തില്‍ ബി.ആര്‍.എസ് സ്ഥാനാര്‍ത്ഥിയേക്കാള്‍ 67025 വോട്ടുകള്‍ക്ക് എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി മുഹമ്മദ് മുബീന്‍ വിജയിച്ചു. ചന്ദ്രയാന്‍ഗുട്ട മണ്ഡലത്തില്‍ 81660 വോട്ടുകള്‍ക്ക് ഐ.എം.ഐ.എം സ്ഥാനാര്‍ഥി അക്ബര്‍ ഉദ്ദിന്‍ ഒവൈസിയും വിജയിച്ചു. രണ്ടാം സ്ഥാനത്ത് ബി.ആര്‍.എസിന്റെ മുപ്പി സീതാറാം റെഡ്ഡിയാണ്.

22853 വോട്ടുകള്‍ക്ക് നേടി എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി മിര്‍ സുല്‍ഫീക്കര്‍ അലി ചാര്‍മിനാര്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പി സ്ഥാനാര്‍ഥി മേഖ റാണി അഗര്‍വാളിനെ തോല്‍പ്പിച്ചു.

മലക്പേട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷെയ്ഖ് അക്ബറിനെതിരെ 26106 വോട്ടുകള്‍ക്ക് എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി അഹമ്മദ് ബിന്‍ അബ്ദുല്ല ബലാല വിജയം നേടി.

2037 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ഫിറോസ് ഖാനെതിരെ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി മുഹമ്മദ് മജീദ് ഹുസൈന്‍ നാമ്പള്ളി മണ്ഡലത്തില്‍ വിജയിച്ചു.

യാകുത്പുര മണ്ഡലത്തില്‍ 878 വോട്ടുകള്‍ക്ക് എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി ജഫാര്‍ ഹുസൈന്‍ ഒന്നമത്തെത്തുകയും രണ്ടാം സ്ഥാനത്ത് മജ്‌ലിസ് ബച്ചാവോ തഹ് രീഖ് പാര്‍ട്ടിയുടെ അംജെദ് ഉല്ലാഹ് ഖാനുമെത്തി.

അതേസമയം തെലങ്കാനയില്‍ എട്ട് സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുകയും വോട്ടിങ് നില മെച്ചപ്പെടുത്തുകയും ചെയ്തു. കൂടാതെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും (സി.പി.ഐ) തെലങ്കാനയില്‍ സീറ്റ് നേടി.

എന്നാല്‍ തെലങ്കാനയിലെ ഭരണവിരുദ്ധ വികാരത്തില്‍ മൂക്കുകുത്തുകയായിരുന്നു ബി.ആര്‍.എസ്സും കെ. ചന്ദ്രശേഖര റാവുവും. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവന്നു. 119 സീറ്റുകളില്‍ 64 സീറ്റുകളും കോണ്‍ഗ്രസ് നേടി. ഭരണത്തിനായുള്ള കേവല ഭൂരിപക്ഷ സീറ്റുകള്‍ കോണ്‍ഗ്രസ് മറികടന്നു. ഭരണകക്ഷിയായ ബി.ആര്‍.എസ് 39 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

Content Highlight: Owaisi’s A.I.M.I.M captures seven out of nine contested seats in Telangana Election

We use cookies to give you the best possible experience. Learn more