രേഖകള്‍ കാണിക്കില്ല, എന്റെ ഹൃദയത്തില്‍ നിങ്ങള്‍ക്ക് നിറയൊഴിക്കാം'; മോദിയേയും അമിത്ഷായും കടന്നാക്രമിച്ച് അസദുദീന്‍ ഉവൈസി
national news
രേഖകള്‍ കാണിക്കില്ല, എന്റെ ഹൃദയത്തില്‍ നിങ്ങള്‍ക്ക് നിറയൊഴിക്കാം'; മോദിയേയും അമിത്ഷായും കടന്നാക്രമിച്ച് അസദുദീന്‍ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2020, 11:46 am

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായേയും കടന്നാക്രമിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി. പൗരത്വഭേദഗതി നിയമത്തിനെതിരെ ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു ഉവൈസിയുടെ വിമര്‍ശനം.

ഞങ്ങളാരും പൗരത്വം തെളിയിക്കുന്ന രേഖകള്‍ കാണിക്കില്ലെന്ന് ഉവൈസി ആവര്‍ത്തിച്ചു. കൂടാതെ നിങ്ങള്‍ രേഖകള്‍ ചോദിക്കുകയാണെങ്കില്‍ ഞാന്‍ പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്ക് മുന്നില്‍ എന്റെ നെഞ്ച് കാണിച്ചുകൊടുക്കുമെന്നും ഉവൈസി പറഞ്ഞു.

‘ഞാന്‍ ഈ രാജ്യത്ത് തന്നെ താമസിക്കും. പക്ഷെ രേഖകള്‍ കാണിക്കില്ല. രേഖകള്‍ കാണിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ നെഞ്ച് കാണിച്ച് വെടിയുതിര്‍ക്കാന്‍ ആവശ്യപ്പെടും. എന്റെ ഹൃദയത്തില്‍ തന്നെ വെടിവെക്കണം, കാരണം രാജ്യത്തോടുള്ള എന്റെ സ്‌നേഹം അവിടെയാണുള്ളത്.’ ഉവൈസി പറഞ്ഞു.

ആരാണോ നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ ശബ്ദമുയര്‍ത്തുന്നത് അവരാണ് യഥാര്‍ത്ഥ പോരാളിയെന്നും ഉവൈസി പറഞ്ഞു.


നേരത്തെ പൗരത്വ നിയമം, എന്‍.ആര്‍.സി എന്നീ വിഷയങ്ങളില്‍ സംവാദത്തിന് രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരെ വെല്ലുവിളിച്ച അമിത്ഷായോട് തന്നോട് സംവാദത്തിന് തയ്യാറാണോയെന്ന് ഉവൈസി ചോദിച്ചിരുന്നു.

‘താങ്കള്‍ എന്നോട് സംവദിക്കൂ. ഞാനിവിടെയുണ്ട്. എന്തിനോടവരോട് സംവദിക്കണം?. സംവാദം നടക്കേണ്ടത് ഒരു താടിവെച്ച മനുഷ്യനോടാണ്. പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഇവയില്‍ സംവദിക്കാന്‍ ഞാന്‍ തയ്യാറാണ്’ എന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ