ഹൈദരബാദ്: മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് സ്ത്രീയടക്കം മൂന്നു പേരെ ഗോരക്ഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.
പുതിയ വോട്ടര്‍മാര്‍ സൃഷ്ടിച്ച കാവല്‍ക്കാര്‍ ഇങ്ങനെയാണ് മുസ്‌ലിംങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും മോദി പറഞ്ഞത് പോലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മതേതരത്വത്തിന്റെ മുഖം മൂടിയില്ലാത്ത പുതിയ ഇന്ത്യയിലേക്ക് സ്വാഗതമെന്നും ഉവൈസി ട്വിറ്ററില്‍ കുറിച്ചു.
രണ്ട് യുവാക്കളെ മരത്തില്‍ പിടിച്ചുവെച്ച് മാറി മാറി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്. യുവാക്കളെ കൊണ്ട് കൂടെയുണ്ടായിരുന്ന സ്ത്രീയെ ചെരിപ്പ് കൊണ്ട് അടിപ്പിക്കുകയും ‘ജയ്ശ്രീരാം’ വിളിപ്പിക്കുകയും ചെയ്തതായി ദൃശ്യങ്ങളിലുണ്ട്.
മതേതരത്വത്തിന്റെ മുഖം മൂടിയണിഞ്ഞ് ഒരു പാര്‍ട്ടിയ്ക്കും ഇന്ത്യക്കാരെ പറ്റിക്കാന്‍ കഴിഞ്ഞില്ലെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇത് പരാമര്‍ശിച്ച് കൊണ്ടാണ് ഉവൈസിയുടെ വിമര്‍ശനം.