ന്യൂദൽഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് പിന്തുണയുമായി ഹൈദരാബാദ് പാർലമെന്റ് അംഗം അസദുദ്ദീൻ ഒവൈസി. ദസറയ്ക്ക് രാവണന്റെ കോലം കത്തിക്കുന്നതിന് പകരം മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് പറഞ്ഞ ഹിന്ദു സന്ന്യാസി യതി നരസിംഹാനന്ദയുടെ വീഡിയോ പങ്കുവെച്ച മുഹമ്മദ് സുബൈറിനെതിരെ കടുത്ത വകുപ്പുകള്‍ യു.പി പൊലീസ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് സുബൈറിന് പുന്തുണയുമായി ഒവൈസി എത്തിയത്.
ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുന്നു എന്ന് സുബൈറിനെതിരായ കുറ്റപത്രത്തിൽ യു.പി പൊലീസ് പറയുന്നുണ്ടെന്നും എന്നാൽ വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു വിഭാഗം സ്വതന്ത്രമായി വിഹരിക്കുന്നത് തുടരുമ്പോൾ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് വാർത്ത ചെയ്ത സുബൈറിനെ അറസ്റ്റ് ചെയ്യുന്നതോ അദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നതോ തെറ്റാണെന്ന് ഒവൈസി പറഞ്ഞു.
‘ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുന്നു എന്ന് സുബൈറിനെതിരായ കുറ്റപത്രത്തിൽ യു.പി പൊലീസ് പറയുന്നു. എന്നാൽ വംശഹത്യക്ക് പ്രേരിപ്പിക്കുന്ന ഒരു വിഭാഗം സ്വതന്ത്രമായി വിഹരിക്കുന്നത് തുടരുമ്പോൾ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് വാർത്ത ചെയ്ത സുബൈറിനെതിരെ കേസ് എടുത്തിരിക്കുകയാണിവിടെ.
വിദ്വേഷ പ്രസംഗത്തെക്കുറിച്ച് സംസാരിക്കുന്നതും റിപ്പോർട്ടുചെയ്യുന്നതും യു.പി പൊലീസിന്റെ അഭിപ്രായത്തിൽ കുറ്റകരമാണ്. ഞാൻ പീഡിപ്പിക്കപ്പെടുന്ന എല്ലാ പത്രപ്രവർത്തകർക്കും ഒപ്പം നിൽക്കുന്നു,’ അദ്ദേഹം പറഞ്ഞു.
പല തവണ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ആളാണ് സ്വാമി നരസിംഹാനന്ദ. ഇതിന്റെ വാര്‍ത്തകള്‍ എല്ലാം തന്നെ സുബൈര്‍ ആള്‍ട്ട് ന്യൂസിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു.
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും അപകടത്തിലാക്കിയെന്നാരോപിച്ചാണ് യു.പി പൊലീസ് സുബൈറിനെതിരെ പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്. നരസിംഹാനന്ദയുടെ വീഡിയോ പങ്കുവെച്ചതിന്റെ പേരില്‍ മാത്രം എട്ട് എഫ്.ഐ.ആറുകള്‍ ആണ് ഇദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുഹമ്മദ് നബിക്കെതിരേയും ഇസ്‌ലാം മതത്തിനെതിരേയും വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് തെലങ്കാന, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ നരസിംഹാനന്ദയ്‌ക്കെതിരെ കേസുകളുണ്ട്. ഇപ്പോള്‍ അയാളുടെ സഹായിയാണ് സുബൈറിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
Content Highlight: Owaisi backs fact-checker and journalist Mohammed Zubair