| Sunday, 26th May 2019, 2:33 pm

'അഖ്‌ലാഖിനെ കൊന്നവര്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ മുന്‍നിരയില്‍ ഇരിക്കുന്നു'; മോദിക്കെതിരേ തുറന്നടിച്ച് ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മുസ്‌ലിങ്ങള്‍ക്കെതിരേ നരേന്ദ്രമോദിയും ബി.ജെ.പിയും തുടരുന്ന ഇരട്ടത്താപ്പിനെതിരേ തുറന്നടിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണു കഴിയുന്നതെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചാല്‍, അഖ്‌ലാഖിനെ കൊന്നവര്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുന്‍നിരയില്‍ ഇരിക്കുന്നുവെന്ന് അദ്ദേഹം തീര്‍ച്ചയായും മനസ്സിലാക്കേണ്ടിയിരുന്നെന്ന് ഒവൈസി കുറ്റപ്പെടുത്തി.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം ജമ്മുകശ്മീരില്‍ ഗോസംരക്ഷകര്‍ ഒരാളെ വെടിവെച്ചു കൊന്നിരുന്നു. മധ്യപ്രദേശില്‍ മൂന്നു പേര്‍ക്കു ക്രൂരമര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.

‘മുസ്‌ലിങ്ങള്‍ ഭീതിയിലാണു കഴിയുന്നതെന്ന് അദ്ദേഹത്തിനു തോന്നിയാല്‍, പശുവിന്റെ പേരില്‍ കൊല നടത്തുന്ന, മുസ്‌ലിങ്ങളെ മര്‍ക്കുന്ന, ഞങ്ങളുടെ വീഡിയോദൃശ്യങ്ങളെടുക്കുന്ന സംഘങ്ങളെ അദ്ദേഹം തടയണം. യഥാര്‍ഥത്തില്‍ മുസ്‌ലിങ്ങള്‍ ഭയത്തിലാണു കഴിയുന്നതെങ്കില്‍ എത്ര മുസ്‌ലിം എം.പിമാര്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു ലോക്‌സഭയിലെത്തുന്നുണ്ടെന്ന് മോദി പറയണം. ഇതാണു മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കഴിഞ്ഞ അഞ്ചുവര്‍ഷമായി കൊണ്ടുപോകുന്ന വൈരുദ്ധ്യം.’- ഒവൈസി ആരോപിച്ചു.

2015-ലാണ് ദാദ്രിയില്‍ അഖ്ലാഖ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ള നിരവധി പേര്‍ അറസ്റ്റിലായിരുന്നു. ആള്‍ക്കൂട്ടം വീട്ടില്‍ കയറി അഖ്ലാഖിനെ വലിച്ച് താഴെ ഇറക്കുകയും തല്ലിക്കൊല്ലുകയുമായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കേസിലെ മുഖ്യപ്രതി വിശാല്‍ സിങ് റാണയെ വേദിയുടെ മുന്‍നിരയിലിരുത്തി യോഗി ആദിത്യനാഥ് ഗോസംരക്ഷണത്തെ ന്യായീകരിച്ച് സംസാരിച്ചത് വിവാദമായിരുന്നു.

ഇത്തവണ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നു മത്സരിച്ച ഒവൈസി 2.82 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. നാലാംവട്ടമാണ് ഒവൈസി ലോക്സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനുമുന്‍പ് വിജയിച്ചുകയറിയത്. കഴിഞ്ഞതവണ 2.02 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഒവൈസി നേടിയത്.

ഹൈദരാബാദ് മണ്ഡലത്തില്‍ 70 ശതമാനവും മുസ്ലീം ഭൂരിപക്ഷമാണ്. ഒവൈസിയുടെ പിതാവ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ നിന്നും 2004-ല്‍ ആദ്യമായി അസദുദ്ദീന്‍ ഒവൈസി മത്സരിക്കുന്നത്. അന്ന് 10 ശതമാനം വോട്ടുവിഹിത വ്യത്യാസത്തോടെ അദ്ദേഹം ജയിച്ചുകയറി.

2008-ല്‍ ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപാര്‍ട്ടികളടക്കം ആദ്യ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍, ഒവൈസി അവര്‍ക്കൊപ്പം നിന്നു. അടുത്തിടെ സാമ്പത്തികസംവരണത്തിനെതിരേ അദ്ദേഹം വോട്ട് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ഒവൈസിക്കു പുറമേ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും സാമ്പത്തികസംവരണത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more