ന്യൂദല്‍ഹി: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഹിജാബ് യൂണിഫോമിനൊപ്പം ധരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ കോടതിയെ സമീപിച്ചതെന്നും യൂണിഫോം ധരിക്കില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കര്‍ണാടക ഹൈക്കോടതിയുടെ വിധിയോട് ശക്തമായി വിയോജിക്കുന്നു. ഹിജാബ് യൂണിഫോമിനൊപ്പം ധരിക്കണമെന്നാവശ്യപ്പെട്ടാണ് അവര്‍ കോടതിയില്‍ പോയത്, അല്ലാതെ യൂണിഫോം ധരിക്കില്ല എന്നവര്‍ പറഞ്ഞിട്ടില്ല.
വളരെ വിചിത്രമായ രീതിയിലാണ് കോടതി ഹിജാബ് ധരിക്കുന്നതിനെ ചോദ്യം ചെയ്തിട്ടുള്ളത്. കോടതി ആ ചോദ്യം ഫ്രെയിം ചെയ്ത രീതി പോലും വിചിത്രവും അത്ഭുതപ്പെടുത്തുന്നതുമാണ് ഹിജാബ് ഇസ്‌ലാമില്‍ നിര്‍ബന്ധമാണോ എന്നാണ് കോടതി ചോദിക്കുന്നത്, അതാണോ ഹരജിക്കാരുടെ ആവശ്യം,’ അദ്ദേഹം ചോദിക്കുന്നു.
യൂണിഫോം നിര്‍ബന്ധമാണെന്ന്‌കോടതി പറഞ്ഞത് തെറ്റാണെന്നും രാജ്യത്ത് പലയിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കാറില്ല. പല വിദേശ രാജ്യങ്ങളിലും യൂണിഫോം ധരിക്കണമെന്ന് നിര്‍ദേശം പോലുമില്ലെന്നും അദ്ദേഹം പറയുന്നു.
‘ഇന്ത്യയുടെ ഗുരുകുല സമ്പ്രദായത്തെ പരാമര്‍ശിച്ചുകൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതാണ് നിങ്ങളുടെ മുന്നില്‍ കൊണ്ടുവരാനാഗ്രഹിക്കുന്നത്. ഗുരുകുലത്തില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാറില്ല. സവര്‍ണര്‍ക്ക് മാത്രമാണ് ഗുരുകുലത്തില്‍ പ്രവേശനം. എന്ത് തരത്തിലുള്ള ഉദാഹരണമാണിത്,’ ഉവൈസി ചോദിക്കുന്നു.
യൂണിഫോം ആവശ്യമാണെന്ന കാര്യം ആര്‍മിക്യാമ്പിനെയും ജയിലിനെയും ഉദ്ദരിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എങ്ങനെയാണ് ബഹുമാനപ്പെട്ട കോടതിക്ക് ക്ലാസ് മുറിയെയും ജയിലിനെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്, എങ്ങനെയാണ് ക്ലാസ് മുറിയെയും പട്ടാള തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കുന്നത്.
ഏകീകൃത സ്വഭാവം കൊണ്ടുവരാനാണ് യൂണിഫോം എന്നാണ് കോടതി പറയുന്നത്. ഇന്ത്യന്‍ ഭരണഘടന വായിച്ചാല്‍ മനസിലാവും ബഹുസ്വരതയും നാനാത്വവുമാണ് ഇന്ത്യയുടെ അടിസ്ഥാനമെന്ന്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം പറയുന്നത് – ഉവൈസി ചോദിക്കുന്നു.
സിന്ദൂരവും ചന്ദനവും അടക്കമുള്ള മറ്റു മതങ്ങളുടെ ചിഹ്നങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെങ്കില്‍ എന്തുകൊണ്ട് ഹിജാബ് ധരിച്ചൂകൂടാ എന്നും അദ്ദേഹം ചോദിച്ചു.
ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്ന ഹൈക്കോടതി വിധി പ്രസാതാവിച്ചത്.
ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നടപടി എടുത്തിരുന്നു.
ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlight: Owaisi against Karnataka High Court’s verdict about Hijab Row