| Friday, 26th November 2021, 9:10 am

'ഇനി നിങ്ങള്‍ തീരുമാനിക്ക് ഞാന്‍ ആരുടെ ഏജന്റാണെന്ന്'; കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും എസ്.പിയേയും രൂക്ഷമായി വിമര്‍ശിച്ച് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ഉവൈസിക്കെതിരെ ആരോപണങ്ങളുയര്‍ന്നത്.

ഉവൈസി എതിര്‍ പാര്‍ട്ടിയുടെ ഏജന്റാണെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

താന്‍ ഒരു പാര്‍ട്ടിയുടെയും ഏജന്റല്ലെന്നും, അഥവാ അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അവര്‍ ഇരുന്ന് തീരുമാനിക്കട്ടെ എന്നുമായിരുന്നു ഉവൈസി പറഞ്ഞത്.

‘നിങ്ങള്‍ ഉത്തര്‍പ്രദേശ് മുഖ്യന്‍ യോഗി ആദിത്യനാഥിനെ കുറിച്ച് കേട്ടിട്ടുണ്ടാവും. അദ്ദേഹം പറയുന്നത് ഉവൈസി സമാജ്‌വാദി പാര്‍ട്ടിയുടെ ഏജന്റാണെന്ന്. എസ്.പി പറയുന്നു ഉവൈസി ബി.ജെ.പിയുടെ ഏജന്റാണെന്ന്. കോണ്‍ഗ്രസും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു.നിങ്ങള്‍ ഒരു കാര്യം ചെയ്യു. എല്ലാവരും കൂടിയിരുന്ന് ഞാന്‍ ആരുടെ ഏജന്റാണെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കൂ,’എന്നായിരുന്നു ഉവൈസിയുടെ മറുപടി.

കഴിഞ്ഞ വര്‍ഷം നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ‘വോട്ട് കട്ടര്‍’ എന്നായിരുന്നു കോണ്‍ഗ്രസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചല്‍ മേഖലയില്‍ ഉവൈസി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കപ്പെടുകയും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാന്‍ കഴിയാതെ പോവുകയുമായിരുന്നു.

20 സീറ്റുകളില്‍ മത്സരിച്ച് 3 സീറ്റുകളായിരുന്നു എ.ഐ.എം.ഐ.എം അന്ന് നേടിയത്.

ബി.ജെ.പി ഉവൈസിയെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രാജന്‍ ചൗധരി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്‌വാല ഉവൈസിയെ ബി.ജെ.പി ഏജന്റെന്ന് വിളിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു.

രണ്ട് ദിവസം മുന്‍പായിരുന്നു യോഗി ആദിത്യനാഥ് ഉവൈസി എസ്.പിയുടെ ഏജന്റാണെന്ന് ആരോപിച്ച് രംഗത്ത് വന്നത്. ഉവൈസിയുടെ തന്ത്രങ്ങള്‍ യു.പിയില്‍ നടക്കില്ലെന്നും, ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ കലാപങ്ങളോ കലഹങ്ങളോ ഇല്ലാത്ത ശാന്തമായ അന്തരീക്ഷമാണെന്നുമായിരുന്നു യോഗി പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Owaisi against Congress BJP and SP

Latest Stories

We use cookies to give you the best possible experience. Learn more