ക്വാലാലംപൂര്‍: മലേഷ്യയില്‍ കുട്ടികളില്‍ കൊവിഡ് ഗുരുതരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വയസ്സിന് താഴെയുള്ള മൂന്നു കുട്ടികളുടെ മരണമാണ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. 2020ലും കുട്ടികളെ കൊവിഡ് മോശമായി ബാധിച്ചിരുന്നുവെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം അബ്ദുല്ല പറഞ്ഞു.
ജനുവരി മുതല്‍ മെയ് വരെ അഞ്ച് വയസ്സിന് താഴെയുള്ള 19 പേരടക്കം 27 കുട്ടികളെയാണ് കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സിക്കേണ്ടി വന്നത്.
2020 ജനുവരി മുതല്‍ ഈ വര്‍ഷം മെയ് 30 വരെ 82,341 കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് തിങ്കളാഴ്ച മലേഷ്യന്‍ ആരോഗ്യമന്ത്രി അദാം ബാബ പറഞ്ഞു. ഇന്ത്യയില്‍ നേരത്തെ കണ്ടെത്തിയതു പോലുള്ള പുതിയ കൊവിഡ് വകഭേദങ്ങള്‍ കുട്ടികളെ ബാധിക്കുന്നതായി മലേഷ്യയുടെ അയല്‍രാജ്യമായ സിംഗപ്പൂരും കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.