| Thursday, 9th April 2020, 9:33 am

കൊവിഡ് 19: തൃശൂര്‍പൂരം ചടങ്ങുകളില്‍ ഒതുങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍പൂരം ചടങ്ങുകളില്‍ മാത്രം ഒതുങ്ങും.

മേയ് മാസം മൂന്നാം തിയതി നടക്കുന്ന പൂരം ലോക് ഡൗണ്‍ നീക്കിയാല്‍ സാധാരണഗതിയില്‍ നടത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു പൂരം കമ്മിറ്റി ഭാരവാഹികള്‍. എന്നാല്‍ ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ പൂരം നിര്‍ത്തിവെച്ച് ചടങ്ങുകളില്‍ ഒതുക്കാനാണ് തീരുമാനം.

” നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തുക എന്നത് സാധ്യമായ കാര്യമല്ല. ഇത്തവണത്തെ പൂരം ചെറിയ ചടങ്ങുകളില്‍ മാത്രം ഒതുക്കും. ആറാട്ടുപ്പുഴ പൂരം വളരെ ലളിതമായിട്ടാണ് നടത്തിയത്. ആവശ്യമെങ്കില്‍ ആ രീതി സ്വീകരിക്കും,” തിരുമ്പാടി ദേവസ്വം പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍ പറഞ്ഞു.

ഏപ്രില്‍ ഒന്നിന് നടക്കേണ്ടിയിരുന്ന പൂരക്കാഴ്ച നേരത്തെതന്നെ നിര്‍ത്തിവെച്ചിരുന്നു.

” ലക്ഷകണക്കിന് ആളുകള്‍ രാജ്യത്ത് കൊവിഡ് 19 മൂലം ബുദ്ധിമുട്ടുന്നൊരു സാഹചര്യത്തില്‍ പൂരം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും ഞങ്ങള്‍ സാധിക്കില്ല. പൂരം സംബന്ധിച്ച എല്ലാപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. പട്ടുകുടകളുടെ നിര്‍മ്മാണമടക്കുള്ളവ നിര്‍ത്തിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ ലോക് ഡൗണ്‍ നീട്ടാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഒരു ആഘോഷവും നടത്തില്ല,” പാറേമക്കാവ് ദേവസ്വം സെക്രട്ടറി ജി. രാഗേഷ് പറഞ്ഞു.

തൂശ്ശൂര്‍പൂരം നടത്തരുതെന്നാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.

” ആളുകള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കണം എന്നാണ് ഞങ്ങളുടെ ഉപദേശം. തൂശൂര്‍പൂരം നടത്തിയാല്‍ അത് ആയിരക്കണക്കിന് ആളുകളെ അങ്ങോട്ടെത്തിക്കും. അത് കൊവിഡ് വൈറസ് പടരാനുള്ള വലിയതോതിലുള്ള സാഹചര്യം ഉണ്ടാക്കും,” കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.ജി.എസ് വിജയകൃഷ്ണന്‍ വ്യക്തമാക്കി.

” ലോകത്തെമ്പാടും മതപരമായ ചടങ്ങുകള്‍ കൊവിഡ് വൈറസ് വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. ഭാരവാഹികള്‍ക്ക് പൂരം ചടങ്ങുകള്‍മാത്രമായി ചുരുക്കാം. അതേസമയം, ചടങ്ങുകള്‍ ഒണ്‍ലൈന്‍ ആയി കാണാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയതിനാല്‍ ഇത്തവണ തൃശൂര്‍ പൂരവും എക്സിബിഷനും ഉണ്ടാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പൂരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പരിപാടിയും ഈ വര്‍ഷം വേണ്ട എന്നാണ് മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിക്കുന്നതെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

നേരത്തെ ആറാട്ടുപുഴ പൂരവും വേണ്ടെന്ന് വെച്ചിരുന്നു. മറ്റെല്ലാ പൊതുവായ ചടങ്ങുകളും വേണ്ടെന്ന് വെച്ചുകൊണ്ട് പൂര നടപടികള്‍ നിര്‍ത്തിവെക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

ലോകം അസാധാരണമായ സാഹചര്യം നേരിടുന്ന അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് നടത്തിയ യോഗത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രത്തിനകത്ത് നടക്കുന്ന ചടങ്ങില്‍ അഞ്ച് പേര്‍ മാത്രം പങ്കെടുക്കും. തന്ത്രിമാരുടെ കൂടി അഭിപ്രായത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ചെറുപൂരവും വേണ്ടെന്നു വെച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു പരിപാടികളൊന്നും ഉണ്ടാവില്ല.

144 നിലനില്‍ക്കുന്നതുകൊണ്ട് തന്നെ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ എവിടെയും കൂടാന്‍ പാടില്ല. നേരത്തെ പള്ളികളിലും മറ്റും സമാനമായ രീതിയായിരുന്നു കൈക്കൊണ്ടത്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ക്ക് ബാധകമായ രീതിയില്‍ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂ- വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

മേയ് മാസം മൂന്നാം തിയതി നടക്കുന്ന പൂരം ലോക് ഡൗണ്‍ നീക്കിയാല്‍ സാധാരണഗതിയില്‍ നടത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു പൂരം കമ്മിറ്റി ഭാരവാഹികള്‍. എന്നാല്‍ കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയതോടെ പൂരം നിര്‍ത്തിവെച്ച് ചടങ്ങുകളില്‍ ഒതുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച ഏകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള പൂരം കഴിഞ്ഞ 58 വര്‍ഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാത്രമായി ചുരുക്കുന്നത്. ഇതിനു മുമ്പ് 1962 ല്‍ ലെ ഇന്‍ഡോ-ചൈന യുദ്ധകാലത്ത് ചടങ്ങു മാത്രമായിട്ടായിരുന്നു പൂരം നടത്തിയത്. ലോകമെമ്പാടു നിന്നും ലക്ഷക്കണക്കിനാളുകള്‍ വന്നുചേരുന്ന മേടമാസത്തിലെ പൂരമാണ് പ്രധാന ആഘോഷം.

തലയെടുപ്പുള്ള ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ മുത്തുക്കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള ക്കെട്ട് പ്രധാന ആകര്‍ഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more