ന്യൂദല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ ഭീമമായ തുക കെട്ടിവെക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രക്ക് 60 ലക്ഷം കെട്ടിവെക്കണമെന്ന കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശത്തെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.
കേരളത്തില്‍ വരാന്‍ സുരക്ഷാ ചെലവിനായി വന്‍തുക ഈടാക്കാനുള്ള കര്‍ണാടക പൊലീസിന്റെ തീരുമാനത്തിനെതിരെ മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അത് പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.
പുതിയ ഉപാധി വെച്ച് കര്‍ണാടക സര്‍ക്കാര്‍ കോടതി വിധി വിഫലമാക്കുകയാണോ ചെയ്യുന്നതെന്ന് ചോദിച്ച സുപ്രീം കോടതി ഹരജി തിങ്കളാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് മഅ്ദനിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
അതേസമയം മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധി കര്‍ണാടക സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആരോപിച്ചിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടില്‍ സുപ്രീം കോടതി ഇടപെണമെന്നും മഅ്ദനിക്ക് നാട്ടിലെത്താനുള്ള സുരക്ഷയൊരുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് ഈ മാസം 29ന് ഏകദിന ഉപവാസം അനുഷ്ഠിക്കുമെന്നും പി.ഡി.പി നേതൃത്വം അറിയിച്ചിട്ടുണ്ട്.
ജാമ്യത്തില്‍ കഴിയുന്ന ഒരു വ്യക്തിക്ക് ചികിത്സ തേടി നാട്ടിലേക്ക് പോകാന്‍ ഒരു കോടിയോളം രൂപ സര്‍ക്കാരിന് കെട്ടിവെക്കണമെന്ന തീരുമാനം നിയമവ്യവസ്ഥയോടുള്ള അവഹേളനമാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
ബെംഗളൂരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന മഅ്ദനിക്ക് കഴിഞ്ഞ 17നാണ് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. അസുഖ ബാധിതനായ പിതാവിനെ കാണാന്‍ ജൂലൈ പത്ത് വരെ കേരളത്തില്‍ തങ്ങാനായിരുന്നു ഇളവ്. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍.
എന്നാല്‍ കേരളത്തിലെത്തണമെങ്കില്‍ 60 ലക്ഷം രൂപ ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തില്‍ ചെലവ് വഹിക്കേണ്ടിവരുമെന്നായിരുന്നു ബെംഗളൂരു പൊലീസിന്റെ നിലപാട്. ഇതുകൂടാതെ താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ ചെലവിനത്തില്‍ ഒരു കോടി രൂപ മഅ്ദനി വഹിക്കേണ്ടി വരും.
20 പൊലീസ് ഉദ്യോഗസ്ഥര്‍ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്. എന്നാല്‍ ഇത്രയും തുക പ്രയാസമാണെന്ന് മഅ്ദനി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ അറിയിച്ചിരുന്നു.
CONTENT HIGHLIGHT: Overturning court judgments with new measures? Supreme Court against Karnataka government on Madani’s travel expenses