'ലോകകപ്പ് വിജയം ആഘോഷിച്ച് ഓവറാക്കി'; ക്ലബ്ബിൽ ബെഞ്ചിലിരിക്കേണ്ടി വന്ന് എമിലിയാനോ മാർട്ടിനെസ്
football news
'ലോകകപ്പ് വിജയം ആഘോഷിച്ച് ഓവറാക്കി'; ക്ലബ്ബിൽ ബെഞ്ചിലിരിക്കേണ്ടി വന്ന് എമിലിയാനോ മാർട്ടിനെസ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd January 2023, 11:42 am

ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയത്തിൽ വലിയ പങ്ക് വഹിച്ച താരമാണ് അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. ലോകകപ്പിലെ ഗംഭീര പ്രകടനങ്ങളുടെ പേരിൽ ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ കീപ്പറായി മാർട്ടിനെസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാൽ അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയതിന് ശേഷമുള്ള ആഘോഷ പ്രകടനങ്ങളുടെ പേരിൽ വലിയ വിമർശനങ്ങളാണ് മാർട്ടിനസിന് നേരിടേണ്ടി വന്നത്.

ലോകകപ്പ് വേദിയിൽ അശ്ലീല ആംഗ്യം കാണിച്ച മാർട്ടിനെസ്. പിന്നീട് ഡ്രസിങ്‌ റൂമിൽ വെച്ച് നടത്തപ്പെട്ട ആഘോഷത്തിൽ എംബാപ്പെക്ക് വേണ്ടി മൗനമാചരിക്കാൻ സഹതാരങ്ങളോട് ആവശ്യപ്പെട്ട് വിവാദത്തിലായിരുന്നു.

കൂടാതെ ബ്യൂണസ് ഐറിസിൽ വെച്ച് നടന്ന അർജന്റീനയുടെ വിക്ടറി പരേഡിൽ എംബാപ്പെയുടെ മുഖത്തിന്റെ സ്റ്റിക്കർ പാവയിൽ ഒട്ടിച്ചും മാർട്ടിനെസ് വിവാദത്തിലായിരുന്നു.

എംബാപ്പെയുടെ ഇത്തരം പ്രവർത്തികളിൽ അർജന്റീനയിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയർന്ന് വന്നില്ലെങ്കിലും താരത്തിന്റെ ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ കോച്ച് ഉനായ് എമറി മാർട്ടിനെസ്നെതിരെ രംഗത്ത് വന്നിരുന്നു.

താരത്തിന്റെ അതിര്കടന്ന ആഘോഷ പ്രകടനങ്ങളെക്കുറിച്ച് താരത്തോട് സംസാരിക്കും എന്ന് അഭിപ്രായപ്പെട്ട കോച്ച് ആഹ്ലാദം അതിര് കടക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തിരുന്നു.

കൂടാതെ മാർട്ടിനസിനെ ആസ്റ്റൺ വില്ലയിൽ നിന്ന് ഒഴിവാക്കാനും പകരം വേറെയെതെങ്കിലും താരത്തെ ജനുവരിയിൽ തുറക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാനും ആസ്റ്റൺ വില്ലക്ക് പദ്ധതികൾ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

മാത്രമല്ല ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിൽ കളിക്കാൻ മാർട്ടിനസിന് താൽപര്യമുണ്ടെന്നും താരത്തിന്റെ ഏജന്റ് ഗുസ്താവോ ഗോണി നേരത്തേ പ്രതികരിച്ചിരുന്നു. ഇതിനൊപ്പം തന്നെ ദെഹയക്ക് പകരക്കാരനായി മാർട്ടിനസിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ടോട്ടൻ ഹാമിനെതിരെ നടന്ന മത്സരത്തിൽ മാർട്ടിനസിനെ ബെഞ്ചിൽ ഇരുത്തിയ വില്ലയുടെ തീരുമാനം ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്. മാർട്ടിനസിന് പകരം സ്വീഡിഷ് ഗോൾ കീപ്പർ റോബിൻ ഓൽസനാണ് മത്സരത്തിൽ വില്ലയുടെ ഗോൾ വല കാത്തത്.

മത്സരത്തിൽ 2-0 എന്ന സ്കോറിന് ടോട്ടൻഹാമിനെ വില്ല അട്ടിമറിച്ചിരുന്നു.

എമി ബ്യുൻഡിയ, ഡഗ്ലസ് ലൂയിസ് എന്നിവരാണ് വില്ലയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാർട്ടിനസിന് ക്ലബ്ബ് വിടാൻ സാധിച്ചില്ലെങ്കിൽ ആസ്റ്റൺ വില്ലയിൽ താരത്തിന് ബെഞ്ചിൽ തുടരേണ്ടി വരാൻ സാധ്യതയുണ്ട്.

 

Content Highlights: overreacted by World Cup victory; Emiliano Martinez had to stay on the bench at the club