ലോക്സഭാ തെരഞ്ഞെടുപ്പ്; അമിത ആത്മവിശ്വാസം ബി.ജെ.പിക്ക് തിരിച്ചടിയായി: യോഗി ആദിത്യനാഥ്
national news
ലോക്സഭാ തെരഞ്ഞെടുപ്പ്; അമിത ആത്മവിശ്വാസം ബി.ജെ.പിക്ക് തിരിച്ചടിയായി: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2024, 1:05 pm

ലഖ്‌നൗ: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ പ്രതീക്ഷകളെ ഇല്ലാതാക്കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ ബി.ജെ.പി നടത്തുന്ന ആദ്യ പ്രധാന യോഗമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014, 2017, 2019, 2022 വർഷങ്ങളിൽ ഉത്തർപ്രദേശിൽ പാർട്ടി വലിയ വിജയങ്ങൾ നേടി. പ്രതിപക്ഷത്തെ ഈ വിജയങ്ങൾ സമ്മർദത്തിലാക്കിയെന്നും ആദിത്യനാഥ് പറഞ്ഞു.

‘2024ൽ മുൻ തെരഞ്ഞെടുപ്പുകളിലെ അതേ വോട്ട് ശതമാനം നേടാൻ ബി.ജെ.പിക്ക് സാധിച്ചു. എന്നാൽ വോട്ട് ഷിഫ്റ്റും അമിത ആത്മവിശ്വാസവും ഞങ്ങളുടെ പ്രതീക്ഷകളെ ഇല്ലാതാക്കി. നേരത്തെ വെൻ്റിലേറ്ററിലുണ്ടായിരുന്ന പ്രതിപക്ഷത്തിന് ഇപ്പോൾ കുറച്ച് ഓക്‌സിജൻ ലഭിച്ചു എന്ന് പറയാം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് 33 സീറ്റാണ് ലഭിച്ചത്. എന്നാൽ 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 62 സീറ്റ് ഉണ്ടായിരുന്നു. പാർട്ടി അംഗങ്ങൾ ഉടൻ സജീവമാകണം. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കണം,’ യോഗി പറഞ്ഞു.

പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ യു.പിയുടെ നിലവാരം ഉയർത്താൻ സാധിച്ചെന്നും 500 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അയോധ്യയിൽ രാംലല്ല പ്രതിഷ്ഠിക്കാൻ നമുക്ക് കഴിഞ്ഞെന്നും യോഗി പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും ബി.ജെ.പി പതാക ഉയർത്തേണ്ടതുണ്ടെന്നും ബി.ജെ.പി നേതാക്കളും പ്രവർത്തകരും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കണമെന്നും യോഗി കൂട്ടിച്ചേർത്തു.

Also Read: 27 വയസുള്ള സംവിധായകന്റെ മുന്നില്‍ ഒരു കൊച്ചു കുട്ടി നിന്ന് അനുസരിക്കുന്നതുപോലെ മമ്മൂക്ക നില്‍ക്കുന്നത് കണ്ട് ഞെട്ടിപ്പോയി: ഷൈന്‍ ടോം ചാക്കോ

Content Highlight: Overconfidence hurt our expectations in polls, says Yogi