| Thursday, 6th June 2024, 2:14 pm

സര്‍വേകളിലുള്ള അമിത ആത്മവിശ്വാസം തിരിച്ചടിയായി; തെറ്റ് തിരുത്തി മുന്നോട്ട് പോകും: ശിവസേന വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അമിത ആത്മവിശ്വാസം തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കിയെന്ന് ശിവസേന വക്താവ് സഞ്ജയ് ഷിര്‍സാത്ത്. സര്‍വേകളുടെ അടിസ്ഥാനത്തില്‍ സീറ്റ് വിഭജനത്തില്‍ വരുത്തിയ മാറ്റങ്ങളും അമിത ആത്മവിശ്വാസവുമാണ് ശിവസേനയെ പരാജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ നല്‍കിയ ജനവിധി അംഗീകരിക്കുന്നതായി ഷിര്‍സാത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് പകരം സ്വന്തം തെറ്റുകള്‍ തിരുത്തുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ സീറ്റ് വിഭജനത്തിന്റെ അടിസ്ഥാനം സര്‍വേകളായിരുന്നു. സര്‍വേകളുടെ പേരില്‍ വരുത്തിയ മാറ്റങ്ങള്‍ തെറ്റായിരുന്നു. ഞാന്‍ അത് വ്യക്തമായി അംഗീകരിക്കുന്നു. സര്‍വേയില്‍ ഞങ്ങള്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടായിരുന്നു. അക്കാരണത്താല്‍ തന്നെ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു,’ ഷിര്‍സാത്ത് പറഞ്ഞു.

സംഭവിച്ച തെറ്റുകള്‍ തിരുത്തുമെന്നും മഹായുതിയിലെ എല്ലാ കക്ഷികളും ഭാവിയില്‍ ഇത്തരമൊരു കാര്യം സംഭവിക്കാതിരിക്കാന്‍ നോക്കുമെന്നും ഷിര്‍സാത്ത് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്, മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി ( എസ്.പി ) എന്നിവ ഉള്‍പ്പെടുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 48 ലോക്സഭാ സീറ്റുകളില്‍ 30 സീറ്റുകള്‍ നേടി വലിയ വിജയം കൈവരിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി എന്നിവ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളില്‍ 17 എണ്ണത്തിലാണ് വിജയിച്ചത്. സഖ്യത്തിന്റെ ഭാഗമായ ശിവസേന വെറും 7 സീറ്റില്‍ ഒതുങ്ങി. ബി.ജെ.പി 9 സീറ്റും എന്‍.സി.പി ഒരു സീറ്റും നേടി.

Content Highlight: Overconfidence due to surveys over seat-sharing caused losses to us: Shiv Sena leader

We use cookies to give you the best possible experience. Learn more