ന്യൂദല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വ്യോമസേനയ്ക്ക് ആകാശ് മിസൈലുകള്‍ വാങ്ങാനായി അയ്യായിരം കോടി രൂപയുടെ പദ്ധതിയില്‍ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച ആകാശ് മിസൈലുകള്‍ വാങ്ങാനുള്ള പദ്ധതി രൂപീകരിച്ചതും തുക അനുവദിച്ചതും പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യ മന്ത്രിതല സമിതിയാണ്.
പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ വിന്യസിക്കുന്നതിനു വേണ്ടിയുള്ളതാണ് ആകാശ് മിസൈലുകള്‍.
കഴിഞ്ഞ മൂന്നുവര്‍ഷമായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദേശമാണ് ആകാശ് മിസൈലുകളുടേത്. പക്ഷേ അതംഗീകരിച്ചത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴാണ്.
ഇന്നലെ ഇന്ത്യ റഷ്യക്ക് 71,000 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ മോദി റഷ്യന്‍ പ്രഡിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയും ഏതാനും കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
ഇന്ത്യ സ്വന്തമായി നിര്‍മിച്ച മധ്യദൂര കര-വ്യോമ മിസൈലാണ് ആകാശ്. സൂപ്പര്‍സോണിക് വിഭാഗത്തിലുള്ള മിസൈലിന്റെ ലക്ഷ്യപരിധി ഏകദേശം 30 കിലോമീറ്ററാണ്. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷണല്‍ സിസ്റ്റമാണു പ്രത്യേകത.
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ് ആകാശ്. 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാന്‍ ശേഷിയുള്ള ആകാശിന്റെ നീളം 5.8 മീറ്ററാണ്. ശബ്ദത്തിനേക്കാള്‍ ഇരട്ടി വേഗത്തില്‍ കുതിക്കാന്‍ ഇതിനാകും.
2015 ജൂലൈ പത്തിനാണ് ആകാശ് വ്യോമസേനയുടെ ഭാഗമായത്. 2015 മെയ് അഞ്ചിനു കരസേനയുടെയും ഭാഗമായി. ഇന്ത്യയില്‍ നിന്ന് ആകാശ് മിസൈലുകള്‍ വാങ്ങാന്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്.
ശത്രുസേനയുടെ വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കാന്‍ ശേഷിയുള്ള ആകാശ് മിസൈലുകളുടെ ആറ് സ്‌ക്വാഡ്രണുകളാണു വ്യോമസേനയ്ക്കു ലഭിക്കുക. നിലവില്‍ വ്യോമസേനയില്‍ ആകാശിന്റെ എട്ട് സ്‌ക്വാഡ്രണുകളുണ്ട്.