ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയെ പോലെ ബി.ജെപിയിലേക്ക് പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അതിന് ഞാന്‍ മരിക്കണം’ എന്ന മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിവാക്കിയാണ് വിമത ശബ്ദമുയര്‍ത്തിയ 23 നേതാക്കളിലൊരാളായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. കപില്‍ സിബലും വിമത ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനിയായിരുന്നു. അതോടെയാണ് കപില്‍ സിബലിന് ഇങ്ങനെ ഒരു ചോദ്യം നേരിടേണ്ടിവന്നത്.
‘പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നതിനെ കുറിച്ച് ഞാന്‍ ഈ സാഹചര്യത്തില്‍ ഒന്നും പറയുന്നില്ല.
ബി.ജെ.പിയാണ് ജയിക്കാന്‍ പോകുന്നതെന്ന് കരുതി ചിലര്‍ അങ്ങോട്ട് പോകുന്നു. പശ്ചിമ ബംഗാളില്‍ നമ്മള്‍ ഇതാണ് കണ്ടത്. മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബി.ജെ.പി. ഈ രാഷ്ട്രീയമാണ് കളിച്ചത്. ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന താല്‍പര്യത്തോടെയാണ്,’ കപില്‍ സിബല്‍ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണ് ബി.ജെ.പി. അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പായി ജിതിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു. ബി.ജെ.പി. അംഗത്വം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.