| Sunday, 13th March 2022, 8:02 am

യോഗിയെ പിന്തുണച്ച മുസ്‌ലിങ്ങളുടെ എണ്ണത്തിലും അഖിലേഷിനെ പിന്തുണച്ച ഹിന്ദുക്കളുടെ എണ്ണത്തിലും വര്‍ധനവ്: പോസ്റ്റ് പോള്‍ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതിയിലധികം വരുന്ന ഹിന്ദുവോട്ടുകള്‍ ബി.ജെ.പിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടതായി പോസ്റ്റ് പോള്‍ സര്‍വേ. അതേസമയം, മുസ്‌ലിം സമുദായം അഖിലേഷിനൊപ്പവും സമാജ്‌വാദി പാര്‍ട്ടിക്കൊപ്പവും ഉറച്ചു നിന്നതായും സര്‍വേ വ്യക്തമാക്കുന്നു.

സി.എസ്.ഡി.എസ്-ലോക്‌നീതി സര്‍വേ പ്രകാരം, 2017 നിയമസഭാ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച് ബി.ജെ.പിക്ക് ലഭിച്ച മുസ്‌ലിം വോട്ടുകളില്‍ നേരിയ വര്‍ധനവ് ഉണ്ടായതായും സൂചിപ്പിക്കുന്നു.

അഖിലേഷിന് ലഭിച്ച ഹിന്ദു വോട്ടുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 2017ല്‍ 18 ശതമാനമായിരുന്നു അഖിലേഷിന് ഹിന്ദു സമുദായത്തിന്റെ പിന്തുണയെങ്കില്‍, 2022ല്‍ എത്തി നില്‍ക്കുമ്പോള്‍ 26 ശതമാനത്തിലധികം വരുന്ന ഹിന്ദുസമുദായത്തിന്റെ പിന്തുണയാണ് അഖിലേഷിന് ലഭിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ സമയത്ത് ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കുകളില്‍ പോലും ശക്തമായ ക്യാമ്പെയ്ന്‍ നടത്തിയതിന് പിന്നാലെയാണ് ഹിന്ദു സമുദായവും അഖിലേഷിനെ പിന്തുണച്ചത്.

ദി ഹിന്ദുവാണ് പോസ്റ്റ് പോള്‍ ഇലക്ഷന്‍ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ധ്രുവീകരണത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് യോഗി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വരാനിരിക്കുന്ന തെരഞ്ഞടുപ്പ് 80ഉം 20ഉം തമ്മിലുള്ള തെരഞ്ഞെടുപ്പായിരുന്നു എന്നായിരുന്നു യോഗി നേരത്തെ പറഞ്ഞിരുന്നത്.

സി.എസ്.ഡി.എസ്-ലോക്‌നീതി സര്‍വേ പ്രകാരം യോഗിയെ പിന്തുണച്ച ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2017ല്‍ 47 ശതമാനം ഹിന്ദുവോട്ടുകള്‍ ബി.ജെ.പിയുടെ പെട്ടിയിലെത്തിയപ്പോള്‍, 2022ല്‍ അത് 54 ശതമാനമായി ഉയര്‍ന്നു.

14 ശതമാനം ഹിന്ദു വോട്ടുകള്‍ മായാവതിയുടെ ബി.എസ്.പിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍, രണ്ട് ശതമാനം ഹിന്ദു വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

മുസ്‌ലിം സമുദായത്തിനിടയിലുള്ള എസ്.പിയുടെ സ്വാധീനം വര്‍ധിക്കുന്നതായാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 2017ല്‍ 46 ശമാനമായിരുന്നു എസ്.പിയുടെ മുസ്‌ലിം പിന്തുണയെങ്കില്‍, 2022ല്‍ അത് 74 ശതമാനമായാണ് ഉയര്‍ന്നത്.

ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ പോലും ഇല്ലാതിരുന്നിട്ടും, 8 ശതമാനം മുസ്‌ലിം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു. കഴിഞ്ഞ തവണത്തെക്കാള്‍ .3 ശതമാനത്തിന്റെ വര്‍ധന.

എന്നിരുന്നാലും, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മോശം പ്രകടനമായിരുന്നു ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ആകെയുള്ള 403 സീറ്റില്‍ മുന്‍വര്‍ഷത്തേക്കാള്‍ 57 സീറ്റ് കുറഞ്ഞ് 255 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. 125 സീറ്റുമായി അഖിലേഷിന്റെ സഖ്യമാണ് ഉത്തര്‍പ്രദേശില്‍ മുഖ്യപ്രതിപക്ഷമാവുക.

തെരഞ്ഞെടുപ്പില്‍ മറ്റേത് പാര്‍ട്ടിയെക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചത് അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടി തന്നെയാണ്. 125 സീറ്റില്‍ 111ഉം എസ്.പി ഒറ്റയ്ക്ക് നേടിയപ്പോള്‍ ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി എട്ട് സീറ്റുകളും നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 64 സീറ്റുകളാണ് എസ്.പി സ്വന്തം അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തത്.


Content Highlight: Over half of Hindu voters back BJP, Muslim electors favor SP in Uttar Pradesh: Post-poll survey

We use cookies to give you the best possible experience. Learn more