ഗസ: റമദാൻ മാസം ആരംഭിച്ചതോടെ ഇസ്രഈൽ ജയിലുകളിൽ കഴിയുന്ന 9,100 തടവുകാർ പട്ടിണിയിലാണെന്ന് ഫലസ്തീൻ മനുഷ്യാവകാശ സംഘടന.
2023 ഒക്ടോബറിൽ ഗസ മുനമ്പിൽ ഇസ്രഈലിന്റെ വംശഹത്യ തുടങ്ങിയ നാൾ മുതൽ അധിനിവേശ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ കാരണം ഫലസ്തീനിയൻ തടവുകാർക്ക് കഴിക്കാൻ ഭക്ഷണമില്ലെന്ന് ഫലസ്തീൻ പ്രിസണേഴ്സ് ക്ലബ്(പി. പി. സി) ചൊവ്വാഴ്ച അവരുടെ പ്രസ്താവനയിൽ പറഞ്ഞു.
തടവുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുക, ജയിൽ അധികൃതർ നൽകുന്ന മോശം ഭക്ഷണം കാരണം തടവുകാരുടെ ആരോഗ്യസ്ഥിതി മോശമാകുന്നതിൽ നടപടി സ്വീകരിക്കുക, ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ഉറപ്പുവരുത്തുക എന്നിവയെല്ലാം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ശരിയായി പാകം ചെയ്യാത്ത ഭക്ഷണപദാർത്ഥങ്ങൾ ഇസ്രഈൽ മനപ്പൂർവം കൊണ്ടുവരുന്നുവെന്നും ചില തടങ്കൽ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും കാലപ്പഴക്കം ചെന്ന ഭക്ഷണമാണ് തടവുകാർക്ക് നൽകാറുള്ളതെന്നും പി.പി.സി കൂട്ടിച്ചേർത്തു.
ഇതിനുപുറമേ, ഫലസ്തീൻ തടവുകാരെ മതപരമായ ആചാരങ്ങളിൽ നിന്നും ഇസ്രഈൽ ഭരണകൂടം വിലക്കിയിട്ടുണ്ടെന്നും തടവുകാർ പ്രാർത്ഥന നടത്താൻ ശ്രമിച്ചതിനും ഖുർആൻ പാരായണം ചെയ്യാൻ ശ്രമിച്ചതിനുമെല്ലാം നിരവധി തവണ ആക്രമണത്തിന് വിധേയരായെന്നും അവർ പറഞ്ഞു.
പുറംലോകവുമായി ആശയവിനിമയം നടത്താൻ യാതൊരു മാർഗവും ഇല്ലാത്തത് മൂലം സെല്ലിനുള്ളിലെ തടവുകാർക്ക് പ്രാർത്ഥനാ സമയം അറിയാൻ കഴിയുന്നില്ല.
3,558 അഡ്മിനിസ്ട്രേറ്റീവ് തടവുകാരും ഇരുപതോളം കുട്ടികളും 61വനിതാ തടവുകാരും ഉൾപ്പെടെ 9100ലധികം ഫലസ്തീനികൾ അവിടെയുണ്ട്. വിചാരണയോ കുറ്റപത്രമോ ഇല്ലാതെയാണ് നൂറുകണക്കിന് തടവുകാരെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.
നാലാം ജനീവ കൺവെൻഷനും അന്താരാഷ്ട്ര നിയമങ്ങളും നൽകിയിട്ടുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്രഈൽ തുടർച്ചയായി ലംഘിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
ഇസ്രഈലി ജയിലുകളിൽ തടവിലാക്കപ്പെട്ടവരിൽ 60% ആളുകൾ വിട്ടുമാറാത്ത രോഗങ്ങളാൽ പ്രയാസപ്പെടുന്നുവെന്നാണ് ഫലസ്തീൻ ഡിറ്റെയ്നിസ് സ്റ്റഡീസ് സെന്റർ പറയുന്നത്.
Content Highlight: Over 9000 Palestinian Inmates Subjected To Starvation As Ramadhan Begins