national news
ഹരിയാനയിലെ ഗോശാലയില്‍ 70 ഓളം പശുക്കള്‍ ചത്തൊടുങ്ങിയ നിലയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 28, 05:31 pm
Wednesday, 28th October 2020, 11:01 pm

ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുളയ്ക്കടുത്തുള്ള ഗോശാലയില്‍ 70 ഓളം പശുക്കള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്. ഭക്ഷ്യ വിഷബാധയെത്തുടര്‍ന്നാണ് പശുക്കള്‍ കൂട്ടമായി ചത്തൊടുങ്ങിയതെന്നാണ് പ്രാഥമിക വിവരം.

രോഗലക്ഷണങ്ങള്‍ കാട്ടിയ 30 ലധികം പശുക്കളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഗോശാല അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രാഥമിക പരിശോധനയില്‍ ഭക്ഷ്യവിഷബാധയാണെന്നാണ് തോന്നുന്നത്. കഴിഞ്ഞ ദിവസം പശുക്കള്‍ക്കായി ഗോശാലയില്‍ എത്തിച്ച വെള്ളത്തിന്റെയും മറ്റ് ധാന്യങ്ങളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും ഗോശാല അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ പറഞ്ഞു.

‘ചൊവ്വാഴ്ച തന്നെ ചില പശുക്കളില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മൃഗഡോക്ടര്‍ ഗോശാലയിലെത്തുകയും പശുക്കള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. ഭക്ഷ്യവിഷബാധയാണ് പശുക്കള്‍ കൂട്ടമായി ചത്തൊടുങ്ങാന്‍ കാരണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഞങ്ങള്‍ നല്‍കിയ കാലിത്തീറ്റയില്‍ നിന്നോ, മറ്റ് ധാന്യങ്ങളില്‍ നിന്നോ വിഷബാധയേല്‍ക്കാനുള്ള സാധ്യതയില്ല’- ഗോശാല ജനറല്‍ മാനേജര്‍ രവിന്ദര്‍ ചിഹ്ഗാല്‍ പറഞ്ഞു.

ക്ഷേത്രത്തിനടുത്താണ് ഗോശാല. അതിനാല്‍ ഇവിടെ സന്ദര്‍ശിച്ച ഭക്തന്‍മാരില്‍ ആരെങ്കിലും നല്‍കിയ ഭക്ഷ്യ വസ്തുക്കളാകാം ഇതിനുകാരണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ക്ഷേത്രത്തിനടുത്തുള്ള രണ്ട് ഗോശാലകളിലെ പശുക്കളാണ് ചത്തൊടുങ്ങിയത്. ആകെ മൊത്തം 7 ഗോശാലകളിലായി 1400 പശുക്കളാണ് ഇവിടെയുള്ളത്.

അധികൃതര്‍ നല്‍കിയ കാലിത്തീറ്റയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയെങ്കില്‍ ഇതിലുമധികം പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റേനെ. അതിനാല്‍ പുറത്തു നിന്നാകാം പശുക്കള്‍ക്ക് വിഷബാധയേറ്റതെന്ന് ചിഹ്ഗാല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Over  70 Cows Die In Haryana’s Cow Shelter